ചര്‍ച്ച പൂര്‍ത്തിയായി; രണ്ടു മന്ത്രിസ്ഥാനം നാല് പാര്‍ട്ടികള്‍ പങ്കിടും

തിരുവനന്തപുരം: പുതിയ കേരള സര്‍ക്കാര്‍ രൂപവത്കരണത്തിനു മുന്നോടിയായി ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ സി.പി.എം. പൂര്‍ത്തിയാക്കി. 21 മന്ത്രിമാരാണ് കേരള മന്ത്രിസഭയില്‍ ഉണ്ടാവുക. ഒരംഗങ്ങളുള്ള നാലു പാര്‍ട്ടികള്‍ രണ്ടരവര്‍ഷം വീതം രണ്ടു മന്ത്രിസ്ഥാനം പങ്കിടണം. എല്‍.ജെ.ഡി. ഒഴികെയുള്ള ഘടകകക്ഷികള്‍ക്കെല്ലാം സര്‍ക്കാരില്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ അന്തിമ തീരുമാനവും പ്രഖ്യാപനവുമുണ്ടാകും.

സി.പി.എമ്മില്‍ മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരും സ്പീക്കറും, സി.പി.ഐ.യ്ക്ക് നാലുമന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും എന്നാണു തീരുമാനം. കേരള കോണ്‍ഗ്രസിന് (എം) ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കോടെ ചീഫ് വീപ്പ് സ്ഥാനവും ലഭിക്കും. കേരള കോണ്‍ഗ്രസിന് രണ്ടു മന്ത്രിസ്ഥാനമെന്ന ആവശ്യം ഞായറാഴ്ചത്തെ ചര്‍ച്ചയിലും ജോസ് കെ. മാണി ഉന്നയിച്ചു. അത് അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. അന്തിമ തീരുമാനം എല്‍.ഡി.എഫ്. യോഗത്തിലുണ്ടാകുമെന്ന് ജോസ് പ്രതികരിച്ചു.

മന്ത്രിമാരുടെ എണ്ണം പരമാവധി സംഖ്യയായ ഇരുപത്തിയൊന്നിലേക്ക് ഉയര്‍ത്തുന്നതിനാല്‍, ഒറ്റയംഗങ്ങളുള്ള ഘടകകക്ഷികളില്‍നിന്ന് രണ്ടു മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തും. ഇതാണ് നാലു പാര്‍ട്ടികള്‍ പങ്കിടുക. കേരള കോണ്‍ഗ്രസ് (ബി), കോണ്‍ഗ്രസ് (എസ്), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍. പാര്‍ട്ടികള്‍ക്കായിരിക്കും ഊഴംവെച്ച് അവസരം ലഭിക്കുക.

 

Top