സ്ത്രീകള്‍ക്കെതിരായ അക്രമത്തിനെതിരായ പ്രതിഷേധത്തില്‍ പ്രതിപക്ഷത്തിനു വിവേചനം; ബിജെപി

കൊല്‍ക്കത്ത: സ്ത്രീകള്‍ക്കെതിരായ അക്രമത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ വിവേചനമെന്ന് ബിജെപി. മണിപ്പൂരിലേത് മാത്രമാണ് പ്രതിപക്ഷം കാണുന്നത്. രാജസ്ഥാനിലെയും മാള്‍ഡയിലെയും കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജൂംദാര്‍ കുറ്റപ്പെടുത്തി.

സ്ത്രീകളുടെ സുരക്ഷ ഏത് സംസ്ഥാനത്തായാലും പരമ പ്രധാനമെന്ന് രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് എംപി പറഞ്ഞു. മോദി സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി 11 കോടി ശുചിമുറികളുണ്ടാക്കി. പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടുന്നുവെന്ന് കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി കുറ്റപ്പെടുത്തി. പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹം. പ്രതിപക്ഷത്തിന്റെ തന്ത്രം എന്തെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരിലെ കൂട്ടബലാത്സംഗത്തെ വിമര്‍ശിച്ച് എന്‍സിപി നേതാവ് സുപ്രിയ സുലെ എംപി രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരായ അതിക്രമമാണ്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള മത്സരമല്ല. ഏത് സംസ്ഥാനത്ത് നടന്നാലും തെറ്റാണെന്നും അവര്‍ പറഞ്ഞു. അതേസമയം പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷം ബഹളമുണ്ടാക്കി.

ചോദ്യോത്തരവേളക്ക് ശേഷം ചര്‍ച്ച നടത്താമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. പ്രധാനമന്ത്രി ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ ആവശ്യപ്പെട്ടു. മണിപ്പൂരിലെ സാഹചര്യം എന്തെന്ന് ലോക്‌സഭയിലും രാജ്യസഭയിലും പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു.

Top