പുരാതന നഗരമായ റോമാ സാമ്രാജ്യത്തിലും ഫാസ്റ്റ് ഫുഡ്‌ ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ

റോം: ഇറ്റലിയിലെ പുരാതന നഗരമായ പോംപിയിൽ രണ്ടായിരം കൊല്ലം മുമ്പ് റോമാക്കാർ ഉപയോഗിച്ചിരുന്ന ഫാസ്റ്റ് ഫുഡ് ശാല ഗവേഷണത്തിലൂടെ കണ്ടെത്തി. ബഹുവർണങ്ങളിലുള്ള ചിത്രങ്ങളാൽ അലങ്കരിച്ച ലഘുഭക്ഷണശാലയും അടുപ്പുകളും അഗ്നിപർവത ചാരത്താൽ മൂടപ്പെട്ട നിലയിലായിരുന്നു. കഴിഞ്ഞവർഷംതന്നെ ശാല ഗവേഷകർ ഭാഗികമായി പുറത്തെടുത്തിരുന്നു. ഇതിന്റെ മുഴുവൻ ചരിത്രവും ചികയുന്നതിനായി ഗവേഷണം തുടർന്നു.എ.ഡി. 79-ൽ വെസൂവിയസ് അഗ്നിപർവതം പൊട്ടിത്തെറിച്ചുണ്ടായ ലാവാപ്രവാഹത്തിൽ പോംപി നഗരം മൂടിപ്പോയിരുന്നു.

2,000 മുതൽ 15,000 വരെയാളുകൾ അന്ന് കൊല്ലപ്പെട്ടതായാണ് നിഗമനം. പ്രദേശത്തുനിന്ന് കണ്ടെടുത്ത മൺപാത്രങ്ങളിൽ നിന്നും താറാവിന്റെ അസ്ഥിശകലങ്ങളും പന്നി, ആട്, മത്സ്യം, ഒച്ചുകൾ എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ചിലതെല്ലാം ഒരുമിച്ചിട്ടു വേവിച്ചതിനും വീഞ്ഞിന്റെ രുചി കൂട്ടാൻ ചതച്ച ഫാവാ ബീൻസ് ഉപയോഗിച്ചിരുന്നതായും തെളിവു ലഭിച്ചു. അഗ്നിപർവത സ്ഫോടനത്തിന്റെ ആദ്യശബ്ദം കേട്ടപ്പോൾതന്നെ ഉടമകൾ സ്റ്റാൾ ഉപേക്ഷിച്ചുപോയതായി തോന്നുന്നെന്ന് പോംപിയിലെ പുരാവസ്തു പാർക്കിലെ ഡയറക്ടർ ജനറൽ മാസിമോ ഒസന്ന പറഞ്ഞു.

Top