സൗദിയില്‍ പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ ഇളവ്

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്തി. ക്വാറന്റൈന്‍ കാലാവധി അഞ്ചു ദിവസമാക്കി ചുരുക്കിയതായി സൗദി അറേബ്യ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. നേരത്തെ 7 ദിവസമായിരുന്നു ക്വാറന്റൈന്‍ കാലാവധി.

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ഒരു വാക്‌സിന്‍ എടുത്ത ഇമ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ ടെസ്റ്റുമായി സൗദിയിലെത്താം. സൗദിയിലെത്തി 24 മണിക്കൂറിനുള്ളില്‍ ഇവര്‍ കൊവിഡ് ടെസ്റ്റ് ചെയ്യണം. ഇതിന്റെ ഫലം നെഗറ്റീവ് ആകുന്ന പക്ഷം ക്വാറന്റൈന്‍ 5 ദിവസം മതി.

സെപ്തംബര്‍ 23 ന് ഉച്ചക്ക് 12 മുതല്‍ പുതുക്കിയ നടപടികള്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ ഇന്ത്യയടക്കം പ്രവേശന നിരോധനമുള്ള രാജ്യങ്ങളില്‍ നിന്ന് വരണമെങ്കില്‍ സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമേ സാധ്യമാകൂ. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം സൗദിയിലേക്ക് പ്രവേശനം അനുവദിച്ച രാജ്യങ്ങള്‍ക്ക് മാത്രമാണ്.

Top