ജനം ടിവിയില്‍ മന്ത്രി ജി സുധാകരന്റെ മകന് ഓഹരിയെന്ന് വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ജനം ടിവിയില്‍ മന്ത്രി ജി. സുധാകരന്റെ മകന് ഓഹരി ഉണ്ടെന്നു വെളിപ്പെടുത്തി ജനം ടിവിയുടെ ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു. ചാനല്‍ ചര്‍ച്ചയിലാണു സുരേഷ് ബാബുവിന്റെ വെളിപ്പെടുത്തല്‍. ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ജനം ടിവി ആര്‍എസ്എസ്-ബിജെപി ചാനലാണെന്നും അനിലിനെ ചോദ്യം ചെയ്തതു ബിജെപി വിശദീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു.

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനു ചാനലില്‍ ഓഹരി ഉണ്ടെന്ന പ്രചാരണവും ഇതിനിടയിലുണ്ടായി. ഇതോടെയാണ് ‘മന്ത്രിസഭയിലെ ശക്തനായ മന്ത്രി ജി. സുധാകരന്റെ മകനും ചില സിപിഎമ്മുകാര്‍ക്കും അടക്കം ഓഹരിയുള്ള ചാനലാണ്’ ജനം ടിവിയെന്നു ചീഫ് എഡിറ്റര്‍ വ്യക്തമാക്കിയത്.

5200 ഓഹരി ഉടമകള്‍ ചാനലിനുണ്ട്. ഓട്ടോ റിക്ഷ ഓടിക്കുന്നവര്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെയുള്ള ദേശസ്‌നേഹികളായവരാണ് ഇവരെല്ലാമെന്നും ചാനല്‍ അവകാശപ്പെട്ടു. ചാനലില്‍ നിന്നു താല്‍ക്കാലികമായി ഒഴിവാക്കപ്പെട്ട അനില്‍ നമ്പ്യാര്‍ ജനം ടിവിയുടെ മൂന്നൂറോളം ജീവനക്കാരില്‍ ഒരാള്‍ മാത്രമാണെന്നും ഓഹരി ഉടമയല്ലെന്നും ചാനല്‍ എം.ഡി: പി.വിശ്വരൂപന്‍ വിശദീകരിച്ചിരുന്നു.

Top