ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയ്യാര്‍, കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം പരിഹാരം: കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: കെഎസ്ഇബിയിലെ പ്രശ്‌നങ്ങൾക്ക് ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി. മാനേജ്‌മെന്റും ജീവനക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. നിയമപരമായും പ്രതികാര നടപടിയില്ലാതെയും അച്ചടക്ക നടപടി പൂർത്തിയാക്കുമെന്ന് കെഎസ്ഇബിയിലെ ജീവനക്കാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം വൈദ്യുതി മന്ത്രി പറഞ്ഞു.

മുൻധാരണകളില്ലാതെ തീരുമാനങ്ങളെടുക്കാൻ ബോർഡിന് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. കെഎസ്ഇബി തർക്കത്തിൽ ചർച്ച ഫലപ്രദമായിരുന്നെന്നും ഇടപെടാൻ വൈകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നപരിഹാരത്തിനായി തനിക്കുമേൽ രാഷ്ട്രീയ സമ്മർദ്ദങ്ങളുണ്ടായിരുന്നില്ലെന്നും ജനങ്ങളിലുള്ള അവമതിപ്പ് ഒഴിവാക്കാൻ കൂട്ടായി ശ്രമിക്കണമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.

വൈദ്യുതി ഭവന് മുന്നിൽ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം, ഇന്നലെ അവസാനിപ്പിച്ചിരുന്നു. മെയ് 16 ന് മുമ്പ് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ചട്ടപ്പടി സമരത്തിലേക്കും, അനിശ്ചിതകാല നിരാഹര സമരത്തിലേക്കും നീങ്ങുമെന്ന് ഓഫീസേഴ്‌സ് അസോസിയേഷൻ അറിയിച്ചു. അസോസിയേഷനെ പ്രതിനിധീകരിച്ചത് സുരേഷ് കുമാർ , ഹരികുമാർ എന്നീവരാണ് ചർച്ചയിൽ പങ്കെടുത്തത്.

Top