സി പി ഐ എമ്മില്‍ അച്ചടക്ക നടപടി; 12 നേതാക്കളെ ഒരുവര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ എറണാകുളത്ത് സിപിഎമ്മില്‍ കടുത്ത നടപടി. ജില്ലാ നേതൃത്വം തരംതാഴ്ത്തിയ ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പടെ 12 പേരെ സംസ്ഥാന നേതാക്കള്‍ ഇടപെട്ട് സസ്‌പെന്റ് ചെയ്തു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ മണിശങ്കറിനെ ഉള്‍പ്പടെ തരംതാഴ്ത്തിയ നടപടി കുറഞ്ഞുപോയെന്ന വിമര്‍ശനത്തിലാണ് ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്‍.

സംസ്ഥാനത്തുണ്ടായ ഇടത് തരംഗത്തിലും എറണാകുളത്ത് പ്രതീക്ഷിച്ച വിജയം സംഭവിക്കാത്തതിന് ചില ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പടെ കാരണമായെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണ്ടെത്തല്‍.

അച്ചടക്ക നടപടി കുറഞ്ഞുപോയെന്ന ജില്ലയിലെ ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ നടപടി കടുപ്പിച്ചത്. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി കെ മണിശങ്കര്‍, വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെ ഡി വിന്‍സെന്റ്, പെരുമ്പാവൂരിലെ തോല്‍വിയില്‍ ജില്ല സെക്രട്ടേറിയേറ്റ് അംഗം എന്‍സി മോഹനന്‍, തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് മണ്ഡലം സെക്രട്ടറി സിഎന്‍ സുന്ദരന്‍ എന്നിവരെയാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

പിറവത്തെ തോല്‍വിയില്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന ഷാജു ജേക്കബ്, കൂത്താട്ടുകുളത്തെ പാര്‍ട്ടി ഓഫീസ് സെക്രട്ടറി അരുണ്‍ എന്നിവരെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ജില്ലാ പ്രാദേശിക വ്യത്യാസമില്ലാതെ സസ്‌പെന്‍ഷന്‍ നടപടി ഉറപ്പാക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം.

Top