എസ്.എഫ്.ഐയിൽ അച്ചടക്ക നടപടിയുണ്ടാകും; ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി

തിരുവനന്തപുരം: ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഓഫീസ് അടിച്ചു തകർത്ത നടപടിയിൽ എസ്.എഫ്.ഐയിൽ അച്ചടക്ക നടപടിയുണ്ടാകും. എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം വയനാട് ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടിയിരിക്കുകയാണ്. മറുപടി ലഭിക്കുന്ന മുറയ്ക്ക് കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്. അക്രമത്തോട് ഒരു തരത്തിലും ജോയിക്കുന്നില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. നടക്കാൻ പാടില്ലാത്ത സംഭവമാണുണ്ടായത്. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾ അതിക്രമത്തിലേക്ക് കടക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ അതിക്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രം​ഗത്തെത്തിയിരുന്നു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലെന്ന് ഇടതുമുന്നണി കൺവീന‍ർ ഇ.പി. ജയരാജൻ വ്യക്തമാക്കി. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചു പറയാമെന്നും ഇപി ജയരാജൻ പറഞ്ഞു. കേന്ദ്രസർക്കാർ ഇഡിയെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇതിനെതിരെ ഡൽഹിയിലും വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. രാഹുൽ ഒരു എംപി മാത്രമാണെന്നും ഇപി ജയരാജൻ പറഞ്ഞു.

Top