‘അവിശ്വാസ പ്രമേയം ദൈവാനുഗ്രഹം’; ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമെന്ന് മോദി

ന്യൂഡല്‍ഹി: മണിപ്പുരിലെ അക്രമസംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ ഇന്ത്യ മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയുന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് തന്റെ സര്‍ക്കാരില്‍ പൂര്‍ണവിശ്വാസമാണെന്നു പറഞ്ഞാണു മോദി പ്രസംഗം തുടങ്ങിയത്.

”അവിശ്വാസ പ്രമേയം സര്‍ക്കാരിന്റെ പരീക്ഷണമല്ല. പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണ്. അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ദൈവാനുഗ്രഹമായി കാണുന്നു. 2024ലും ബിജെപിക്കു റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയമുണ്ടാകും. ജനക്ഷേമ പദ്ധതികള്‍ പാസാക്കാനുള്ള സമയമാണു പ്രമേയത്തിന്റെ ചര്‍ച്ചയിലൂടെ പാഴാക്കിക്കളഞ്ഞത്. പ്രതിപക്ഷത്തിന് അധികാരത്തോട് ആര്‍ത്തിയാണ്.

പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും തനിക്കെതിരെ രണ്ടാം തവണയാണ് അവിശ്വാസം കൊണ്ടുവരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനം പ്രതിപക്ഷത്തോട് ‘അവിശ്വാസം’ കാണിച്ചു. പ്രതിപക്ഷത്തിനു രാജ്യത്തേക്കാള്‍ വലുത് പാര്‍ട്ടിയാണ്. പ്രമേയം അവതരിപ്പിക്കാന്‍ പഠിച്ച് തയാറെടുത്തു വന്നു കൂടെ? ഗൃഹപാഠം പോലും നടത്താതെയാണു പ്രതിപക്ഷം വന്നത്. അഴിമതിപ്പാര്‍ട്ടികള്‍ ഇപ്പോള്‍ ഒന്നായിരിക്കുന്നു.

സുപ്രധാന നിയമനിര്‍മാണങ്ങളില്‍നിന്ന് വിട്ടുനിന്ന് പ്രതിപക്ഷം ജനങ്ങളെ വഞ്ചിച്ചു. കേരളത്തിലെ എംപിമാര്‍ ഫിഷറീസ് ബില്ലിനെ പോലും പരിഗണിച്ചില്ലെന്നാണ് മോദിയുടെ വിമര്‍ശനം. അവര്‍ക്കു രാഷ്ട്രീയമാണു വലുത്. അവിശ്വാസ പ്രമേയം സര്‍ക്കാരിനു ഗുണകരമാണ്. ദരിദ്രരുടെ വിശപ്പിനെക്കാള്‍ പ്രതിപക്ഷത്തിന് വലുത് അധികാരത്തിന്റെ വിശപ്പാണ്. രാഷ്ട്രീയമാണ് അവര്‍ക്ക് വലുതെന്ന് മോദി പറഞ്ഞു.അവിശ്വാസപ്രമേയമെന്ന നോബോള്‍ ആവര്‍ത്തിക്കുകയാണ്. അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷം നോബോള്‍ എറിയുന്നു, സര്‍ക്കാരാകട്ടെ സെഞ്ചറി അടിക്കുന്നു.

നിരാശയല്ലാതെ പ്രതിപക്ഷം രാജ്യത്തിന് ഒന്നും നല്‍കിയില്ല. വാജ്പേയി സര്‍ക്കാരിനെ അവിശ്വാസം വഴി വീഴ്ത്തി. എന്നാല്‍, പരാജയം ഉറപ്പിച്ചിട്ടും ഈ സര്‍ക്കാരിനെതിരെ രണ്ടാം അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ സഭാനേതാവിനു സംസാരിക്കാന്‍ പോലും സമയം ലഭിച്ചില്ല. പ്രതിപക്ഷത്തെ വലിയ പാര്‍ട്ടിയുടെ നേതാവിന്റെ പേര് സംസാരിക്കുന്നവരുടെ പട്ടികയിലില്ല. കൊല്‍ക്കത്തയില്‍നിന്നു ഫോണ്‍ വന്നതിനാലാണോ അദ്ദേഹത്തെ ഒഴിവാക്കിയത്?

അമിത് ഷാ പറഞ്ഞപ്പോഴാണ് അധിര്‍ രഞ്ജന്‍ ചൗധരിക്കു സംസാരിക്കാന്‍ അവസരം നല്‍കിയത്. സമയം ലഭിച്ചപ്പോള്‍ ശര്‍ക്കരയെ അദ്ദേഹം ചാണകമാക്കുകയും ചെയ്തു. രാജ്യത്തെ ജനങ്ങള്‍ തന്റെ സര്‍ക്കാരില്‍ ആവര്‍ത്തിച്ച് വിശ്വാസമര്‍പ്പിച്ചു. 2018ല്‍ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നു. 2019ല്‍ ജനങ്ങള്‍ പ്രതിപക്ഷത്തിനെതിരെ അവിശ്വാസപ്രമേയം പാസാക്കി.”

വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഓഗസ്റ്റ് 11ന് മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍, മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വന്ന് സംസാരിക്കണമെന്നായിരുന്നു പ്രതിപക്ഷ നിലപാട്. പ്രമേയം വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് അറിയാമായിരുന്നിട്ടും, മണിപ്പുര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍വന്നു സംസാരിക്കാന്‍ പ്രധാനമന്ത്രിയെ നിര്‍ബന്ധിതനാക്കുന്നതിനാല്‍, ‘വിജയ’മെന്നാണു പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍.

ലോക്സഭയില്‍ 331 അംഗങ്ങളുള്ള ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം അവിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനാണു സാധ്യത. ബിജെപിക്ക് മാത്രം 303 എംപിമാരാണുള്ളത്. ഭൂരിപക്ഷം വേണ്ടത് 272. പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന് 144 എംപിമാരുണ്ട്. ബിആര്‍എസിന്റെ 9 വോട്ടുകള്‍ നേടാനായാല്‍ അംഗസംഖ്യ 152 ആയി ഉയരും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ബിജെഡിയും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നില്ല.

Top