സംസ്ഥാനത്ത് വരള്‍ച്ച മുന്നൊരുക്കങ്ങള്‍ തുടങ്ങി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച മുന്നൊരുക്കങ്ങള്‍ തുടങ്ങി ദുരന്ത നിവാരണ അതോറിറ്റി. മഴവെള്ള ശേഖരണമടക്കം ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ രൂക്ഷമായ പ്രതിസന്ധി സംസ്ഥാനം നേരിടുമെന്നാണ് വിലയിരുത്തല്‍. മഴ കുറയുകയും അള്‍ട്രാവയലറ്റ് വികിരണത്തോത് ഉയരുകയും ചെയ്തതോടെ പകല്‍ച്ചൂടും കൂടി. മണ്‍സൂണ്‍ സീസണ്‍ മുക്കാലും കഴിയുമ്പോള്‍ സംസ്ഥാനത്ത് സാധാരണയേക്കാള്‍ 47 ശതമാനം കുറവ് മഴയാണ് കിട്ടിയത്. ഇനി കാര്യമായ മഴയ്ക്ക് ഈ സീസണില്‍ സാധ്യതയുമില്ല.

വരള്‍ച്ച പടിവാതില്‍ക്കലെത്തി നില്‍ക്കേ മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നീക്കം. വരള്‍ച്ച നിര്‍ണയ പ്രക്രിയയുടെ ഭാഗമായുള്ള ആദ്യഘട്ട പഠന റിപ്പോര്‍ട്ട് കെസ്ഡിഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി. കൃഷി മേഖലകളിലും ജലസംഭരണികളുടെ വൃഷ്ടിപ്രദേശങ്ങളിലും കാര്യമായ മഴക്കുറവുണ്ട്. മഴവെള്ള ശേഖരണം ഊര്‍ജ്ജിതമാക്കാനും നിലവിലുള്ള വെള്ളം പരമാവധി സംരക്ഷിക്കാനും ജില്ലാതലങ്ങളില്‍ സ്ഥിതി നിരീക്ഷിക്കാനുമാണ് തീരുമാനം.

മഴക്കുറവാണ് താപനില ഉയരാന്‍ കാരണം. ഒപ്പം അള്‍ട്രാവയലറ്റ് വികിരണതോതും അപകടനിലയിലാണ്. ഇന്നലെ 12 ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍ പകല്‍ച്ചൂട് സാധാരണയേക്കാള്‍ കൂടുതല്‍ രേഖപ്പെടുത്തി. എ.ഡബ്ല്യു.എസ് കണക്ക് പ്രകാരം കഴിഞ്ഞ ദിവസം ചൂണ്ടിയില്‍ 38.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. എല്‍നിനോ സാഹചര്യം കടുത്താല്‍ സ്ഥിതി ഇനിയും ഗുരുതരമാകും. അടുത്ത വേനല്‍ക്കാലം മുന്നില്‍ക്കണ്ടുള്ള മുന്‍കരുതല്‍ ഓരോരുത്തരും സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ വിദഗ്ധര്‍ പറഞ്ഞു.

Top