അബുദാബി: ദുരന്തമാകേണ്ട വാഹനാപകടം സാഹസികമായി ഒഴിവാക്കി അബുദാബി പൊലീസ്. അബുദാബി- അല്‍ ഐന്‍ റോഡില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലാകുകയാണ്. വാഹനത്തിന്റെ വേഗത ഒരേ തരത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ക്രൂയിസ് കണ്ട്രോള് സംവിധാനം പ്രവര്‍ത്തിപ്പിച്ച് 130 കിലോമീറ്റര്‍ വേഗത്തിലാണ് അല്‍ഐന്‍ സ്വദേശിയായ ഡ്രൈവര്‍ വാഹനം ഓടിച്ചിരുന്നത്.
മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ഓടുകയായിരുന്ന കാറിന്റെ ക്രൂയിസ് കണ്ട്രോള് തകരാറിലായപ്പോഴാണ് ഡ്രൈവര്‍ പൊലീസിന്റെ സഹായം തേടിയത്. 15 വാഹനങ്ങള്‍ അണിനിരന്ന് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ആര്‍ക്കും പരിക്കില്ലാതെ കാറിനെ അബുദാബി പൊലീസ് നിയന്ത്രണത്തിലാക്കിയത്. ഇതിന്റെ വീഡിയോ തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലുടെയാണ് അബുദാബി പൊലീസ് പങ്കുവച്ചത്. ആയിരങ്ങളാണ് ഈ സംഭവത്തില്‍ പൊലീസിന് അനുമോദനവുമായി എത്തുന്നത്.