നിരാശകരം; നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പുറത്ത്

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ പരിക്കേറ്റ ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ ബർമിംഗ്ഹാമിൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഒഴിവാക്കിയതായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. ഐഒഎ സെക്രട്ടറി ജനറൽ രാജീവ് മേത്തയാണ് നീരജിനെ ഒഴിവാക്കിയതായി പ്രസ്താവനയിലൂടെ അറിയിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു നീരജ്. ഞായറാഴ്ച ഒറിഗോണിൽ 88.13 മീറ്റർ എറിഞ്ഞ് നീരജ് വെള്ളി മെഡൽ നേടിയിരുന്നു. ഫൈനലിലെ നാലാം ശ്രമത്തിന് ശേഷം തുടയിൽ ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.

‘ടീം ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം 2022 ലെ ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തതിന് ശേഷം, ചോപ്ര തിങ്കളാഴ്ച എംആർഐ സ്‌കാൻ നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തെ വിശ്രമം അദ്ദേഹത്തിന് മെഡിക്കൽ സംഘം നിർദേശിച്ചു,” ഐഒഎ സെക്രട്ടറി ജനറൽ രാജീവ് മേത്ത പ്രസ്താവനയിൽ പറഞ്ഞു. വ്യാഴാഴ്ചത്തെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തേണ്ടിയിരുന്നത് നീരജായിരുന്നു. മറ്റ് ഐഒഎ ഭാരവാഹികളുമായി കൂടിയാലോചിച്ച് പുതിയ പതാകവാഹകനെ സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും മേത്ത പറഞ്ഞു.

Top