വരാപ്പുഴ തമിഴ്നാട് സ്വദേശിയുടെയും കുടുംബത്തിന്‍റെയും തിരോധാനം; മുനമ്പം മനുഷ്യക്കടത്തുമായി ബന്ധമെന്ന് പൊലീസ്

കൊച്ചി: എറണാകുളം വരാപ്പുഴയിൽ തമിഴ്നാട് സ്വദേശി ചന്ദ്രന്‍റെയും കുടുംബത്തിന്‍റെ തിരോത്ഥാനത്തിന് മുനമ്പം മനുഷ്യക്കടത്തുമായി ബന്ധമെന്ന് കണ്ടെത്തൽ. ബന്ധുക്കളിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നാല് വർഷങ്ങൾക്ക് ശേഷം വരാപ്പുഴ പൊലീസ് അന്വേഷണം മനുഷ്യക്കടത്തിൽ എത്തി നിൽക്കുന്നത്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയേക്കും

2018 ലാണ് തമിഴ്നാട് സ്വദേശി ചന്ദ്രൻ, ഭാര്യ കണ്ണകി, മൂന്ന് മക്കൾ മറ്റ് രണ്ട് ബന്ധുക്കൾ ഏഴ് പേരെ കാണാതാകുന്നത്. തമിഴ്നാട് തിരുവള്ളൂരിൽ നിന്നും വസ്ത്ര വ്യാപാരത്തിനായി എറണാകുളത്ത് എത്തിയതാണ് കുടുംബം. വരാപ്പുഴയിലെ ഒളനാട്ടിൽ 2500 ചതുരശ്രയടിയിൽ വീട് നിർമ്മിച്ച് ഇത് അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് കുടുംബത്തെ കാണാതാകുന്നത്. നാല് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് കണ്ണകിയുടെ ബന്ധുക്കളിൽ നിന്നും വരാപ്പുഴ പൊലീസിന് മനുഷ്യക്കടത്ത് സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നത്.

ഇവരുടെ കുടുംബത്തിൽ നിന്നും കൂടുതൽ പേർ കടൽ മാർഗം ആസ്ട്രേലിയയിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നു. ചന്ദ്രന്‍റെ കുടുംബവും ബോട്ടിൽ കയറി രാജ്യവിടാനുള്ള ചർച്ചകൾ നടത്തിയിരുന്നുവെന്നുമാണ് വെളിപ്പെടുത്തൽ. നാല് വർഷമായി തിരുവള്ളൂരിലെ ബന്ധുക്കളെ ചന്ദ്രനും കുടുംബവും ബന്ധപ്പെട്ടിട്ടില്ല.ബന്ധുക്കൾ പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വരാപ്പുഴ പൊലീസ് അന്വേഷണം ഇപ്പോൾ മനുഷ്യക്കടത്തിൽ എത്തിനിൽക്കുന്നത്. കൂടുതൽ സ്ഥിരീകരണം ലഭിച്ചാൽ ലോക്കൽ പൊലീസിൽ നിന്നും മുനമ്പം മനുഷ്യക്കടത്ത് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറും. ചന്ദ്രന്‍റെ വരാപ്പുഴയിലെ വീട് കാട് കയറി നശിക്കുകയാണ്.

Top