നവകേരള ബസിന് നേരെ ഷൂ എറിഞ്ഞുള്ള പ്രതിഷേധത്തോട് യോജിപ്പില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: നവകേരള ബസിന് നേരെ ഷൂ എറിഞ്ഞുള്ള പ്രതിഷേധത്തോട് യോജിപ്പില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഇത്തരത്തിലുളള സമരം പിന്‍വലിക്കണം. ആവശ്യമില്ലാത്ത യാത്രക്ക് നേരെ ആവശ്യമുള്ള സാധനം എറിയേണ്ടതില്ല. കരുതല്‍ തടങ്കല്‍ അവസാനിപ്പിച്ചാല്‍ കരിങ്കൊടി പ്രതിഷേധവും അവസാനിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.

കരിങ്കൊടി കാണിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കെ സുരേന്ദ്രന് അസഹിഷ്ണുതയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും ഒരേ ശബ്ദമാണ്. കൊടികളുടെ നിറത്തില്‍ മാത്രമേ വ്യത്യാസമൊള്ളൂ. ജന സദസ്സ് എന്ന ആഢംബര പരിപാടിയില്‍ എത്രയധികം പ്രശ്‌നങ്ങള്‍ നടക്കുന്നു. എവിടെയെങ്കിലും കെ സുരേന്ദ്രനെ കാണാന്‍ കഴിഞ്ഞോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ ഐപിസി 283, 353, 34 വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. കുറുപ്പുംപടി പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മരണം വരെ സംഭവിക്കാവുന്ന കുറ്റമാണ് ചെയ്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Top