അഖിലേഷ് യാദവുമായുള്ള അഭിപ്രായവ്യത്യാസം; സ്വാമി പ്രസാദ് മൗര്യ സമാജ്വാദി പാര്‍ട്ടി വിട്ടു

പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സ്വാമി പ്രസാദ് മൗര്യ സമാജ്വാദി പാര്‍ട്ടി വിട്ടു. അഖിലേഷ് യാദവ് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം രാജി വിവരം അറിയിച്ചത്. ”ഞാന്‍ സംശുദ്ധ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നു. അഖിലേഷ് യാദവ് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് എതിരായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മുലായം സിംഗ് യാദവിനൊപ്പം പ്രവര്‍ത്തിച്ച അനുഭവം എനിക്കുണ്ട്. അദ്ദേഹം ഒരു ഉറച്ച സോഷ്യലിസ്റ്റ് നേതാവായിരുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നവര്‍ക്ക് ആ പ്രത്യയശാസ്ത്രം പിന്തുടരാന്‍ കഴിഞ്ഞില്ല, ഇത് നിര്‍ഭാഗ്യകരമാണ്”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരാഴ്ച മുമ്പാണ് സമാജ്വാദി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം സ്വാമി പ്രസാദ് മൗര്യ രാജിവച്ചത്. രാമചരിതമാനസവും അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങും സംബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ പാര്‍ട്ടി പിന്തുണച്ചില്ലെന്നും വിവേചനം കാട്ടിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രാജി.

Top