അയോധ്യ വിഷയത്തിലെ പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ പങ്കെടുത്തതില്‍ ഇന്ത്യ സഖ്യത്തില്‍ ഭിന്നത

ഡല്‍ഹി: അയോധ്യ വിഷയത്തിലെ പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ പങ്കെടുത്തതില്‍ ഇന്ത്യ സഖ്യത്തില്‍ ഭിന്നത.ഇന്ത്യ സഖ്യം ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച മുസ്ലീം ലീഗ് സഭ ബഹിഷ്‌കരിച്ചു. ഇടതുപാര്‍ട്ടികളും ത്രിണമൂല്‍ കോണ്‍ഗ്രസും ചര്‍ച്ച ബഹിഷ്‌ക്കരിച്ചു. ശ്രീരാമന്‍ ജനിച്ചിട്ടില്ലെന്ന് കോടതിയില്‍ പറഞ്ഞ കോണ്‍ഗ്രസ്, ഇപ്പോള്‍ രാമനെ ഓര്‍ക്കുന്നത് പരിഹാസ്യമെന്നും ബിജെപി സഭയില്‍ പരിഹസിച്ചു.

അയോധ്യ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ഖര്‍ഗെയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. വിട്ട് നിന്നാല്‍ ബിജെപി അത് രാഷ്ട്രീയ പ്രചാരണത്തിന് ആയുധമാക്കുമെന്ന് ചൂണ്ടികാട്ടിയാണ് കോണ്‍ഗ്രസ് പങ്കെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ചര്‍ച്ച ബഹിഷ്‌കരിക്കണമെന്ന ശക്തമായ നിലപാട് സ്വീകരിച്ച മുസ്ലീം ലീഗ് ഇന്ത്യ സഖ്യത്തിന്റെ ധാരണയോട് വിയോജിച്ചു. ചര്‍ച്ചയുടെ വിവരം അവസാന നിമിഷം വരെ മൂടിവച്ചുവെന്നും മുസ്ലീം ലീഗ് ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് ലോക്‌സഭയിലെ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയെ യുഗ പുരുഷനെന്നാണ് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി വിശേഷിപ്പിച്ചത്. കര്‍സേവകരെ വെടിവച്ച സര്‍ക്കാറിനെ പിന്തുണച്ച കോണ്‍ഗ്രസിന് രാമനെ കുറിച്ച് പറയാന്‍ അവകാശമില്ലെന്നും മന്ത്രി പറഞ്ഞു.

അയോധ്യ പ്രാണ പ്രത്ഷഠ വികസിത രാജ്യത്തേക്കുള്ള യാത്രയുടെ തുടക്കമെന്ന് അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞു. 140 കോടി ജനങ്ങളിലെ രാമഭക്തര്‍ക്കും പ്രാണപ്രതിഷ്ഠ അപൂര്‍വ അനുഭവമാണ്. വര്‍ഷങ്ങള്‍ കോടതി വ്യവഹാരത്തില്‍ കുടുങ്ങി കിടന്ന സ്വപ്നം മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. ജനുവരി 22 ലെ പ്രാണപ്രതിഷ്ഠ നൂറ്റാണ്ടുകള്‍ ഓര്‍മിക്കും എന്നും അമിത് ഷാ സഭയില്‍ പറഞ്ഞു.

എന്നാല്‍ ഒരു മതത്തിന്റെയും കുത്തക ആര്‍ക്കുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്. ഇന്ത്യയെ നയിക്കുന്നത് ഭരണഘടനയാണെന്നും കോണ്‍ഗ്രസിന് വേണ്ടി സംസാരിച്ച ഗൗരവ് ഗോഗോയി പറഞ്ഞു. അയോധ്യ മുഖ്യ പ്രചാരണ വിഷയമാക്കുന്നതിന്റെ സൂചനയാണ് പതിനേഴാം ലോക്‌സഭയുടെ അവസാന സമ്മേളനം തീരുന്ന ദിവസം ബിജെപി നല്‍കുന്നത്.

Top