രാജ്യത്ത് വ്യവസായികള്‍ ഭയത്തില്‍; രാഹുല്‍ ബജാജിന്റെ ആശങ്ക തള്ളി സഞ്ജീവ് ഗോയങ്ക

രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണെന്ന ബജാജ് ഓട്ടോ ചെയര്‍മാന്‍ രാഹുല്‍ ബജാജിന്റെ വാക്കുകള്‍ തള്ളി ആര്‍പിസഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് ചെയര്‍മാന്‍ സഞ്ജീവ് ഗോയങ്ക. വ്യവസായികള്‍ക്കിടയില്‍ യാതൊരു വിധത്തിലുള്ള ആശങ്കകളും നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ ചേര്‍ന്ന ഒരു അവാര്‍ഡ് ദാനചടങ്ങിനിടെയാണ് രാഹുല്‍ ബജാജ് രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണെന്ന് ആരോപിച്ചത്.

എന്നാല്‍ ഈ പരാതിയോട് തനിക്ക് യോജിപ്പില്ലെന്ന് സഞ്ജീവ് ഗോയങ്ക വ്യക്തമാക്കി. ‘സ്വന്തം അഭിപ്രായങ്ങള്‍ പറയാന്‍ അദ്ദേഹത്തിന് അവകാശം ഉള്ളത് പോലെ എനിക്ക് എന്റെ അഭിപ്രായവും പറയാം. എന്ത് കൊണ്ടാണ് അദ്ദേഹം അങ്ങിനെ പറഞ്ഞതെന്ന് അറിയില്ല, പക്ഷെ അത്തരം ഒരു ഭയവും രാജ്യത്തില്ലെന്നാണ് എന്റെ വിശ്വാസം’, ഗോയങ്ക പറഞ്ഞു.

കഴിഞ്ഞ 4, 5 വര്‍ഷം മുന്‍പ് വരെ ഇന്ത്യന്‍ വ്യവസായികള്‍ വലിയ തോതില്‍ നിക്ഷേപങ്ങള്‍ നടത്തി. ജിഡിപി ഉയരുമെന്ന പ്രതീക്ഷയില്‍ ഇത് ചെയ്‌തെങ്കിലും ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിക്കാതെ പോയതിനാല്‍ ഇതിന്റെ ഫലം ലഭിച്ചില്ല. അവസ്ഥ ഇതായിരിക്കുമ്പോള്‍ വീണ്ടും നിക്ഷേപം നടത്തുക സാധ്യമല്ല. 18 മാസത്തിനുള്ളില്‍ ഉപഭോഗം വര്‍ദ്ധിക്കുമ്പോള്‍ ഈ സ്ഥിതി വീണ്ടും വളര്‍ച്ചയിലേക്ക് മാറും, അദ്ദേഹം വ്യക്തമാക്കി.

മറ്റൊരു സര്‍ക്കാരും ചെയ്യാത്ത തരത്തില്‍ സാധാരണക്കാരിലേക്ക് എത്തിച്ചേരാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതായി സഞ്ജയ് ഗോയങ്ക അഭിപ്രായപ്പെട്ടു. ശൗചാലയം നല്‍കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ മാറ്റങ്ങളുടെ ഭാഗമാണ്. അടിസ്ഥാന ശിലകളില്‍ മാറ്റം വരുത്തുമ്പോള്‍ ഇതിന്റെ ഫലം ലഭിക്കാന്‍ അല്‍പ്പം കാത്തിരിക്കേണ്ടി വരുമെന്നും ഗോയങ്ക കൂട്ടിച്ചേര്‍ത്തു.

Top