യൂട്യൂബ് സിനിമ നിരൂപകര്‍ക്കെതിരെ സംവിധായകര്‍ കോടതിയിലേക്ക്

ഹൈക്കോടതിയിലെ കേസ് സാവധാനത്തിലാകുകയും പോലീസ് നടപടികള്‍ ഇഴയുകയും ചെയ്തതോടെ പുതിയ സിനിമകള്‍ക്കെതിരേ വീണ്ടും റിവ്യൂബോംബിങ്ങുമായി യുട്യൂബര്‍മാര്‍. അടുത്തിടെ റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളും ഇവരുടെ ആക്രമണത്തില്‍ തകര്‍ന്നു. മാനനഷ്ടക്കേസുള്‍പ്പെടെയുള്ളവയുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംവിധായകര്‍.

മുതിര്‍ന്ന സംവിധായകനായ കമലിന്റെ ‘വിവേകാനന്ദന്‍ വൈറലാണ്’, അനീഷ് അന്‍വറിന്റെ ‘രാസ്ത’, സാജിദ് യഹിയയുടെ ‘ഖല്‍ബ്’ എന്നിവയാണ് റിവ്യൂബോംബിങ് നേരിട്ട പ്രധാനസിനിമകള്‍. തന്റെ ചിത്രത്തെ റിലീസ് ദിവസംതന്നെ റിവ്യൂവിലൂടെ നശിപ്പിച്ചെന്ന് ആരോപിച്ച് അനീഷ് അന്‍വര്‍, ഉണ്ണി വ്‌ലോഗ്സ് എന്ന യുട്യൂബറെ ഫോണില്‍വിളിച്ച് അസഭ്യംപറഞ്ഞത് വാര്‍ത്തയായിരുന്നു. ജാതിയധിക്ഷേപം ഉള്‍പ്പെടെ നടത്തിയെന്നു പറഞ്ഞ് ഉണ്ണി അനീഷ് അന്‍വറിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു .

ഇതിനുപിന്നാലെ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ വിഷ്ണുനാരായണനും സംഗീതസംവിധായകന്‍ അവിന്‍മോഹന്‍ സിത്താരയും ഉണ്ണി വ്‌ലോഗ് റിവ്യൂവില്‍ ക്യാമറയെയും സംഗീതത്തെയും കുറിച്ചുയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരേ രംഗത്തെത്തി. രാസ്ത എന്ന സിനിമയുടെ പ്രധാന അണിയറപ്രവര്‍ത്തകരെല്ലാം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എന്നാണ് വിവരം. ഖല്‍ബിനെതിരായ ആക്രമണത്തില്‍ മനംനൊന്ത് സാജിദ് യഹിയ സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പും ചര്‍ച്ചയായിട്ടുണ്ട്.

റിവ്യൂബോംബിങ്ങിനെതിരായി ഹൈക്കോടതി ശക്തമായ നിലപാട് എടുത്തതോടെ പതിവുശൈലി വിട്ട് നിശ്ശബ്ദരാകാന്‍ തുടങ്ങിയ യുട്യൂബ് നിരൂപകര്‍ കേസ് വൈകുന്നത് കണ്ടാണ് വീണ്ടും മോശംഭാഷയില്‍ സിനിമകളെ ആക്രമിച്ചുതുടങ്ങിയത്.

അഡ്വ. ശ്യാംപത്മനെ അമിക്കസ് ക്യുറിയായി ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. ഇദ്ദേഹം ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അറിയുന്നത്. അടുത്തിടെ റിലീസ് ചെയ്ത സിനിമകളുടെ സംവിധായകരുള്‍പ്പെടെ ഒട്ടേറെ സിനിമാപ്രവര്‍ത്തകര്‍ ഡിജിറ്റല്‍ തെളിവുകള്‍സഹിതം അമിക്കസ് ക്യുറിയെ പരാതി അറിയിച്ചുകഴിഞ്ഞു.

‘റാഹേല്‍ മകന്‍ കോര’ എന്ന സിനിമയുടെ സംവിധായകന്‍ ഉബൈനി നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലും തുടര്‍നടപടികള്‍ മന്ദതയിലാണ്. ഒമ്പതാളുകളുടെപേരിലുള്ള കേസ് റിവ്യൂബോംബിങ്ങില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത ആദ്യത്തേതാണ്. ദിലീപ് ചിത്രം ‘ബാന്ദ്ര’യുടെ നിര്‍മാതാക്കള്‍ ഏഴ് യുട്യൂബര്‍മാരുടെ പേരില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ നല്‍കിയ കേസില്‍ സാക്ഷിവിസ്താരം കഴിഞ്ഞെങ്കിലും തുടര്‍നടപടിയായിട്ടില്ല.

 

 

Top