താരപദവിയെ പുനര്‍നിര്‍വചിക്കുന്ന നടനാണ് സൂര്യ; പിന്തുണച്ച് വെട്രിമാരന്‍

യ് ഭീം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടന്‍ സൂര്യയെ പിന്തുണച്ച് സംവിധായകന്‍ വെട്രിമാരന്‍. ചിത്രത്തില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് വണ്ണിയാര്‍ സംഘം ചിത്രത്തിന്റെ നിര്‍മാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും സംവിധായകന്‍ ടി.ജെ. ജ്ഞാനവേലിനും കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. രാജാകണ്ണിനെ പീഡിപ്പിക്കുന്ന പൊലീസുകാരന്റെ കഥാപാത്രത്തെ മനഃപൂര്‍വം വണ്ണിയാര്‍ ജാതിയില്‍ പെട്ടയാളാക്കി അവതരിപ്പിച്ചുവെന്നാണ് ആക്ഷേപം.

തുടര്‍ന്നാണ് സൂര്യയ്ക്കും ജ്ഞാനവേലിനും പിന്തുണയുമായി വെട്രിമാരന്‍ രംഗത്ത് വന്നത്. ശരിയായ കാര്യം ചെയ്യുന്നതിന്റെ പേരില്‍ ആരെയും താഴ്ത്തിക്കെട്ടാന്‍ കഴിയില്ലെന്ന് വെട്രിമാരന്‍ പറഞ്ഞു. താരപദവിയെ പുനര്‍നിര്‍വചിക്കുന്ന നടനാണ് സൂര്യയെന്നും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നുവെന്നും വെട്രിമാരന്‍ വ്യക്തമാക്കി.

ഇരകളുടെ അവസ്ഥ ലോകത്തെ അറിയിക്കുന്നതിനായി സിനിമ ചെയ്യാനുള്ള സംവിധായകന്‍ ജ്ഞാനവേലിന്റെ സാമൂഹ്യ പ്രതിബദ്ധതയും സാമൂഹിക നീതിക്കുവേണ്ടിയുള്ള സ്‌ക്രീനിലും പുറത്തും സൂര്യ നടത്തുന്ന നിരന്തര പരിശ്രമവും ശരിക്കും പ്രചോദനമാണ്. നിലവിലെ അവസ്ഥ മാറാന്‍ ആഗ്രഹിക്കാത്തവരില്‍ ഇങ്ങനെയുള്ള സിനിമകള്‍ അസ്വസ്ഥതയുണ്ടാക്കുന്നത് സ്വാഭാവികമാണ്. അസമത്വങ്ങളെയും അനീതികളെയും ചോദ്യം ചെയ്യുന്ന സിനിമകളും സാമൂഹ്യനീതിക്കുള്ള ആയുധങ്ങളാണ്. സൂര്യയ്‌ക്കൊപ്പവും ജയ് ഭീമിന്റെ മുഴുവന്‍ ടീമിനൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു- വെട്രിമാരന്‍ വ്യക്തമാക്കി.

നവംബര്‍ 2-ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ജയ് ഭീം വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ കാലാകാലങ്ങളായി സമൂഹത്തില്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ ചോദ്യം ചെയ്യുകയാണ് ജയ് ഭീം. ലിജോമോളാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രകാശ് രാജ്, രജിഷ വിജയന്‍, മണികണ്ഠന്‍, റാവു രമേഷ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.

Top