പ്രിയ സച്ചിക്ക് വിട; പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

കൊച്ചി: അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കൊച്ചി രവിപുരം ശ്മശാനത്തിൽ സച്ചിയുടെ സഹോദരന്റെ മകനാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്.

സംസ്‌കാരച്ചടങ്ങിൽ സച്ചിയുടെ അടുത്ത ബന്ധുക്കളും സംവിധായകൻ രഞ്ജിത്ത്, നടൻ സുരേഷ് കൃഷ്ണ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു.

നേരത്തെ, കൊച്ചി ഹൈക്കോടതി ജംക്ഷനിലെ അഡ്വക്കേറ്റ് ചേംബറിൽ പൊതുദർശനത്തിനുവച്ച ഭൗതികദേഹത്തിൽ സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം പ്രിയ കലാകാരന് സമൂഹത്തിൻറെ വിവിധ മേഖലകളിൽ നിന്നുള്ള നൂറ് കണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. ഇതിനുശേഷം തമ്മനത്തെ വീട്ടിലും പൊതുദർശനം നടന്നു.നടന്മാരായ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, ലാൽ തുടങ്ങി നിരവധി പേർ സച്ചിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി.

ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയിൽ ഇടുപ്പെല്ല് മാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞ സച്ചിക്കു തിങ്കളാഴ്ച ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്നു ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്കു മാറ്റി. തലച്ചോറിലേക്കു രക്തമെത്തുന്നതു നിലച്ചതാണു സച്ചിയെ ഗുരുതരാവസ്ഥയിലാക്കിയത്. വ്യാഴാഴ്ച രാത്രി 10.30നു വീണ്ടും ഹൃദയാഘാതം സംഭവിച്ചാണ് മരണം.

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ച കെ.ആർ. സച്ചിദാനന്ദൻ എന്ന സച്ചി എട്ടു വർഷം ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്ന ശേഷമാണ് സിനിമയിലേക്കെത്തിയത്. എഴുതിയ തിരക്കഥകളിൽ ഭൂരിഭാഗവും ഹിറ്റുകളാക്കിയ സച്ചി സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും ബോക്സോഫീസ് ഹിറ്റുകളായിരുന്നു. അടുത്ത കാലത്ത് ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നായ അയ്യപ്പനും കോശിയുമാണ് അവസാന ചിത്രം.

കോളജ് പഠനകാലത്ത് ഫിലിം സൊസൈറ്റിയിലും നാടക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മുപ്പതോളം അമച്വർ നാടകങ്ങൾ സംവിധാനം ചെയ്ത സച്ചി, നൂറോളം വേദികളിൽ നടനായിട്ടുമുണ്ട്. സിഎയ്ക്കു പഠിക്കുന്നതിനിടെയാണ് നിയമവും പഠിച്ചത്. പിന്നെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു. അക്കാലത്താണ് സേതുവുമായി അടുപ്പമുണ്ടായതും ഒരുമിച്ച് സിനിമ ചെയ്യാൻ പദ്ധതിയിട്ടതും.

2007 ൽ പൃഥ്വിരാജ് ചിത്രം ചോക്കലേറ്റിന് സുഹൃത്ത് സേതുവുമായി ചേർന്ന് തിരക്കഥയെഴുതിയാണ് സിനിമയിലേക്കെത്തിയത്. തുടർന്നുവന്ന റോബിൻ ഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ് എന്നീ ചിത്രങ്ങളും വിജയമായിരുന്നു. ഡബിൾസ് എന്ന ചിത്രത്തിനു ശേഷം 2012 ൽ സേതുവുമായി പിരിഞ്ഞു. റൺ ബേബി റൺ എന്ന മോഹൻലാൽ ചിത്രത്തിനാണ് സച്ചി ആദ്യം തനിയെ തിരക്കഥയൊരുക്കിയത്.

2012 ൽ ചേട്ടായീസ് എന്ന സിനിമയുടെ നിർമാണത്തിൽ പങ്കാളിയായി. 2015 ൽ പുറത്തുവന്ന അനാർക്കലിയിലൂടെയാണ് സംവിധായകനായത്. പൃഥ്വിരാജ് നായകനായ പ്രണയചിത്രം വൻഹിറ്റായിരുന്നു. 2017 ൽ അരുൺഗോപിക്കു വേണ്ടി എഴുതിയ ദിലീപ് ചിത്രം രാമലീലയും വിജയമായി.2019 ൽ ജീൻപോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസൻസിനു തിരക്കഥയൊരുക്കി. തുടർന്ന് സച്ചിയുടെ രണ്ടാം സംവിധാനസംരംഭം അയ്യപ്പനും കോശിയും പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടി നേടി.മലയാള സിനിമയിൽ തൻറേതായ ഇടം കണ്ടെത്തി മുന്നേറുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.

Top