സംവിധായകന്‍ സച്ചി(സച്ചിദാനന്ദന്‍) അന്തരിച്ചു

കൊച്ചി: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി(സച്ചിദാനന്ദന്‍) അന്തരിച്ചു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരുന്നു. നടുവിനുള്ള സര്‍ജറിക്കായി അനസ്‌തേഷ്യ നല്‍കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോര്‍ പ്രതികരിച്ചിരുന്നില്ല.

ഹൈപോക്‌സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അനസ്‌ത്യേഷ്യ നല്‍കിയതിലെ പിഴവാണ് ഗുരുതരാവസ്ഥയിലാകാന്‍ കാരണമെന്നും ആരോപണമുണ്ട്.

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ച കെ.ആര്‍. സച്ചിദാനന്ദന്‍ എന്ന സച്ചി എട്ടു വര്‍ഷം ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്ന ശേഷമാണ് സിനിമയിലേക്കെത്തിയത്. എഴുതിയ തിരക്കഥകളില്‍ ഭൂരിഭാഗവും ഹിറ്റുകളാക്കിയ സച്ചി സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും ബോക്‌സോഫീസ് ഹിറ്റുകളായിരുന്നു. അടുത്ത കാലത്ത് ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നായ അയ്യപ്പനും കോശിയുമാണ് അവസാന ചിത്രം.

കോളജ് പഠനകാലത്ത് ഫിലിം സൊസൈറ്റിയിലും നാടക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. മുപ്പതോളം അമച്വര്‍ നാടകങ്ങള്‍ സംവിധാനം ചെയ്ത സച്ചി, നൂറോളം വേദികളില്‍ നടനായിട്ടുമുണ്ട്. സിഎയ്ക്കു പഠിക്കുന്നതിനിടെയാണ് നിയമവും പഠിച്ചത്. പിന്നെ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. അക്കാലത്താണ് സേതുവുമായി അടുപ്പമുണ്ടായതും ഒരുമിച്ച് സിനിമ ചെയ്യാന്‍ പദ്ധതിയിട്ടതും

2007 ല്‍ പൃഥ്വിരാജ് ചിത്രം ചോക്കലേറ്റിന് സുഹൃത്ത് സേതുവുമായി ചേര്‍ന്ന് തിരക്കഥയെഴുതിയാണ് സിനിമയിലേക്കെത്തിയത്. തുടര്‍ന്നുവന്ന റോബിന്‍ ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്‌സ് എന്നീ ചിത്രങ്ങളും വിജയമായിരുന്നു. ഡബിള്‍സ് എന്ന ചിത്രത്തിനു ശേഷം 2012 ല്‍ സേതുവുമായി പിരിഞ്ഞു. റണ്‍ ബേബി റണ്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിനാണ് സച്ചി ആദ്യം തനിയെ തിരക്കഥയൊരുക്കിയത്.

2012 ല്‍ ചേട്ടായീസ് എന്ന സിനിമയുടെ നിര്‍മാണത്തില്‍ പങ്കാളിയായി. 2015 ല്‍ പുറത്തുവന്ന അനാര്‍ക്കലിയിലൂടെയാണ് സംവിധായകനായത്. പൃഥ്വിരാജ് നായകനായ പ്രണയചിത്രം വന്‍ഹിറ്റായിരുന്നു. 2017 ല്‍ അരുണ്‍ഗോപിക്കു വേണ്ടി എഴുതിയ ദിലീപ് ചിത്രം രാമലീലയും വിജയമായി.2019 ല്‍ ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസന്‍സിനു തിരക്കഥയൊരുക്കി. തുടര്‍ന്ന് സച്ചിയുടെ രണ്ടാം സംവിധാനസംരംഭം അയ്യപ്പനും കോശിയും പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടി നേടി.

Top