ഒരുപാട് പേരുടെ വിയര്‍പ്പാണ്; മിന്നല്‍ മുരളി സെറ്റ് പൊളിച്ച സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍

കൊച്ചി: ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളിയുടെ കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്റംഗദള്‍ പൊളിച്ച സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ബേസില്‍ ജോസഫ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്ത്, എല്ലാവരും നിസ്സഹായരായി നില്‍കുന്ന സമയത്ത്, ഒരുമിച്ചു നില്‍ക്കേണ്ട സമയത്ത്, ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ല, പ്രത്യേകിച്ച് നമ്മുടെ കേരളത്തില്‍. നല്ല വിഷമമുണ്ട്. ആശങ്കയുമുണ്ടെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ബേസില്‍ പറഞ്ഞു.

ബേസിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

എന്താ പറയേണ്ടത് എന്നറിയില്ല. ചിലര്‍ക്കിത് തമാശയാവാം,ട്രോള് ആവാം, പബ്ലിസിറ്റി ആവാം,രാഷ്ട്രീയം ആവാം,പക്ഷെ ഞങ്ങള്‍ക്ക് ഇതൊരു സ്വപ്നം ആയിരുന്നു.കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോള്‍ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോര്‍ത്തു ചെറിയ അഭിമാനവും,ഷൂട്ടിങ്ങിനു തൊട്ടു മുന്‍പ് ലോക്ക്‌ഡൌണ്‍ സംഭവിച്ചതിനാല്‍ ‘ഇനി എന്ന്’ എന്നോര്‍ത്തു കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു.

ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വര്‍ഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാന്‍ തുടങ്ങിയിട്ട്. ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആര്‍ട് ഡിറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെര്‍മിഷനുകളും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു , എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്തു , ഒരുമിച്ചു നില്‍ക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ല,പ്രത്യേകിച്ച് നമ്മുടെ കേരളത്തില്‍. നല്ല വിഷമമുണ്ട്. ആശങ്കയും …

നേരത്തെ സിനിമയുടെ സെറ്റ് കാലടി മണപ്പുറത്തു നിന്ന് പൊളിച്ചുനീക്കിയതായി എഎച്ച്പി ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് അറിയിച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചത്. സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കും, മാതൃകയായി പ്രവര്‍ത്തകര്‍ക്ക് ഒപ്പം നേതൃത്വം നല്‍കിയ രാഷ്ട്രീയ ബജ്‌റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിനും അഭിനന്ദനങ്ങള്‍ അറിയിച്ചായിരുന്നു ഹരി പാലോടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് മിന്നല്‍ മുരളി ഒരുക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

Top