‘തുറമുഖം’ ഏറ്റവും സ്‌ട്രെയിന്‍ എടുക്കേണ്ടി വന്ന ചിത്രമെന്ന് രാജീവ് രവി

നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ ‘തുറമുഖം’ താന്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും സ്‌ട്രെയിന്‍ എടുക്കേണ്ടി വന്ന ചിത്രമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ രാജീവ് രവി. മെയ് 13ന് തീയേറ്ററുകളിലെത്തുന്ന ചിത്രം പിരീയഡ് സിനിമയാണെന്നതിനാലും 30 ഉം 40 ഉം 50 ഉം കാലഘട്ടങ്ങള്‍ വന്നു പോകുന്നതിനാലും ഇതൊക്കെ പുനഃസൃഷ്ടിക്കുക എന്നത് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നുവെന്നും സംവിധായകൻ പറയുന്നു.

താന്‍ ഒരു എറണാകുളത്തുകാരനായിട്ടു പോലും മട്ടാഞ്ചേരി വെടിവയ്പിന്റെ ചരിത്രപ്രാധാന്യം അറിയുമായിരുന്നില്ലെന്നും അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെന്നത് പോലും വളരെ വൈകി തുറമുഖം എന്ന പേരിലുള്ള നാടകത്തിലൂടെയാണ് അറിഞ്ഞതെന്നും സംവിധായകൻ വ്യക്തമാക്കുന്നു. ചിദംബരം മാസ്റ്ററായിരുന്നു ആ നാടകം എഴുതിയിരിക്കുന്നത്. തുറമുഖത്തിനു വേണ്ടി തിരക്കഥയെഴുതിയ ഗോപന്റെ അച്ഛനാണ് ചിദംബരമെന്നും ഗോപൻ തൻ്റെ അടുത്ത സുഹൃത്താണെന്നും രാജീവ് രവി പറഞ്ഞു. തുറമുഖമെന്ന നാടകം അടുത്തിടെ ഞങ്ങള്‍ വീണ്ടും അരങ്ങിലെത്തിച്ചിരുന്നുവെന്നും നല്ല പ്രതികരണമായിരുന്നു നാടകത്തിന് ലഭിച്ചിരുന്നതെന്നും സംവിധായകൻ പറയുന്നു. അതാണ് തുറമുഖം സിനിമയാക്കാന്‍ പ്രചോദനമായതെന്നും രാജീവ് രവി വ്യക്തമാക്കി.

ഇത്രയേറെ ചരിത്ര പ്രാധാന്യമുള്ള സമരമായിരുന്നിട്ടും അത് വിസ്മൃതിയിൽ ആണ്ടുപോയത് ദുരൂഹമാണെന്നും അതിനൊരു ഡോക്യുമെന്റേഷൻ്റെ ആവശ്യമുണ്ടെന്ന് തോന്നിയതിനാലാണ് തുറമുഖം പോലൊരു സിനിമ ചെയ്യാന്‍ മുന്നോട്ട് വന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

Top