മലയാള സിനിമാ സംവിധായകന്‍ കെ കെ ഹരിദാസ് അന്തരിച്ചു

ലയാളത്തിലെ ശ്രദ്ധേയ സംവിധായകന്‍ കെ. കെ ഹരിദാസ് അന്തരിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. 20ല്‍ അധികം ചിത്രങ്ങള്‍ മലയാളത്തില്‍ ഒരുക്കിയിട്ടുളള സംവിധായകനായിരുന്നു ഹരിദാസ്.

1994ല്‍ സ്വതന്ത്രസംവിധായകനായി ജയറാം നായകനായ ‘വധു ഡോക്ടറാണ്’ എന്നതാണ് ആദ്യ ചിത്രം. തുടര്‍ന്ന് ദിലീപിനെ നായകനാക്കിയുളള കൊക്കരക്കോ, കല്ല്യാണപ്പിറ്റേന്ന് തുടങ്ങിയ സിനിമകളും ഹരിദാസ് സംവിധാനം ചെയ്തിരുന്നു. ഒന്നാം വട്ടം കണ്ടപ്പോള്‍, പഞ്ച പാണ്ഡവര്‍, കിണ്ണം കട്ട കള്ളന്‍ തുടങ്ങിയവയാണ് ഹരിദാസിന്റെതായി പുറത്തിറങ്ങിയ മറ്റു ശ്രദ്ധേയ ചിത്രങ്ങള്‍. 3 വിക്കറ്റിനു 365 റണ്‍സ് ആണ് അദ്ദേഹം അവസാനമായി ചെയ്ത ചിത്രം.

തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം 1994 മുതലാണ് സിനിമാ സംവിധാന രംഗത്ത് സജീവമായത്. 1982ല്‍ രാജു മഹേന്ദ്ര സംവിധാനം ചെയ്ത ‘ഭാര്യ ഒരു മന്ത്രി’ എന്ന ചിത്രത്തില്‍ സംവിധായസഹായിയായി. തുടര്‍ന്ന് ബി. കെ. പൊറ്റക്കാട്, റ്റി. എസ്. മോഹന്‍, തമ്പി കണ്ണന്താനം, വിജി തമ്പി, രാജസേനന്‍ എന്നിവരുടെ സഹായിയായി. 18 വര്‍ഷം അസോസിയേറ്റ് ഡയറക്റ്ററായി തുടര്‍ന്നു. പ്രശസ്ത സംവിധായകരുടെ 48ഓളം ചിത്രങ്ങളിലാണ് ഹരിദാസ് അസോസിയേറ്റ് ആയി ജോലി ചെയ്തത്.

Top