സംവിധായകന്‍ കെ ജി രാജശേഖരന്‍ അന്തരിച്ചു

ചെന്നൈ: സംവിധായകന്‍ കെ ജി രാജശേഖരന്‍ (72) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. തിരക്കഥാകൃത്ത് സംവിധായകന്‍ എന്നീ നിലകളില്‍ മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

1968 ല്‍ മണി സംവിധാനം ചെയ്ത മിടുമിടുക്കി എന്ന സിനിമയിലൂടെ സഹസംവിധായകനായാണ് സിനിമയില്‍ എത്തുന്നത്. പത്മതീര്‍ത്ഥം, വെല്ലുവിളി, ഇന്ദ്രധനുസ്സ്, യക്ഷിപ്പാറു വാളെടുത്തവന്‍ വാളാല്‍, വിജയം നമ്മുടെ സേനാനി, തിരയും തീരവും ഇവള്‍ ഈ വഴി ഇതുവരെ, അന്തഃപുരം,അവന്‍ ഒരു അഹങ്കാരി, സാഹസം, പാഞ്ചജന്യം, മാറ്റുവിന്‍ ചട്ടങ്ങളേ, ചമ്പല്‍ക്കാട്,ബീഡിക്കുഞ്ഞമ്മ, ശാരി അല്ല ശാരദ, മൈനാകം, ചില്ലുകൊട്ടാരം, തൊഴില്‍ അല്ലെങ്കില്‍ ജയില്‍,സിംഹാധ്വനി തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.1992ല്‍ പുറത്തിറങ്ങിയ സിംഹധ്വനിയാണ് അവസാന ചിത്രം.

ഇടവാ കരുന്നിലക്കോട് കടകത്തുവീട്ടില്‍ ഗോവിന്ദക്കുറുപ്പിന്റെയും ജെ. കമലാക്ഷിയമ്മയുടെയും മകനായി 1947 ഫെബ്രുവരി 12നാണ് രാജശേഖരന്‍ ജനിച്ചത്. പിന്നണി ഗായിക അമ്പിളിയാണ് ഭാര്യ. രാഘവേന്ദ്രന്‍, രഞ്ജിനി എന്നിവരാണ് മക്കള്‍.

Top