ഡോൺ പാലാത്തറയുടെ രണ്ട് സിനിമകൾ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

2021 ഫെബ്രുവരി 12നു ആരംഭിക്കുന്ന ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് സംവിധായകൻ ഡോൺ പാലാത്തറയുടെ രണ്ട് സിനിമകൾ. സന്തോഷത്തിന്റെ ഒന്നാം രഹസ്യം, 1956 മധ്യതിരുവിതാംകൂർ എന്നീ ചിത്രങ്ങളാണു ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇവ യഥാക്രമം മലയാളം സിനിമ ഇന്ന്, കാലിഡോസ്കോപ്പ് എന്നീ വിഭാഗങ്ങളിലായാണ് പ്രദർശിപ്പിക്കപ്പെടുക. മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേള, സ്പെയിനിൽ നടക്കുന്ന ഇൻഡീ ഇൻഡ്യ എന്നീ മേളകളിൽ 1956 മധ്യതിരുവിതാംകൂർ പ്രദർശിപ്പിച്ചിരുന്നു. അതിന് ശേഷം 1956 മധ്യതിരുവിതാംകൂറിന്റെ ഇൻഡ്യയിലെ ആദ്യ പ്രദർശനമാണ് ഐ എഫ് എഫ് കെയിൽ നടക്കാൻ ഒരുങ്ങുന്നത്. എന്നാൽ, ലോകത്തിലെ തന്നെ ആദ്യ പ്രദർശനമാണ് ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്ന ചിത്രത്തിന്റേത്.

സന്തോഷത്തിൻ്റെ ഒന്നാം രഹസ്യത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് റിമാ കല്ലിങ്കലും ജിതിൻ പുത്തഞ്ചേരിയുമാണ്. ഒരു കാറിൽ ഒറ്റ ഷോട്ടിൽ ചിത്രീകരിച്ചിരുക്കുന്ന ഒരു റിലേഷൻഷിപ്പ് ഡ്രാമയാണ് ഈ ചിത്രം. സജി ബാബുവാണ് ചിത്രത്തിൻ്റ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ബീ കേവ് മൂവീസിന്റെ ബാനറിൽ ഷിജോ കേ ജോർജ്ജ് ആണു സിനിമ നിർമ്മിച്ചിരിക്കുന്നത്. 1956 മധ്യതിരുവിതംകൂർ ഭൂപരിഷ്കരണത്തിനും മുൻപേ ഇടുക്കിയിലേക്ക് കുടിയേറിയ ഒരു പറ്റം കൃഷിക്കാർ നടത്തുന്ന ഒരു വേട്ടയുടെ കഥയാണു പറയുന്നത്.1956 മധ്യതിരുവിതംകൂർ നിർമ്മിച്ചിരിക്കുന്നത് ആർട്ട്ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിലാഷ് കുമാറാണു. ജെയ്ൻ ആൻഡ്രൂസ്, ആസിഫ് യോഗി എന്നിവർ പ്രധാന വേഷങ്ങളിൽ വരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിൽ അലക്സ് ജോസഫ് കാമറയും ജയേഷ് മോഹൻ അസോസിയേറ്റ് കാമറയും ചെയ്യുന്നു.

ഇരുസിനിമകളിലും പശ്ചാത്തലസംഗീതം ബേസിൽ സി ജെ, സൗണ്ട് മിക്സിങ്ങ് ഡാൻ ജോസ്, സൗണ്ട് എഡിറ്റിങ് അരുൺ വർമ്മ, ലിറിക്സ് ഷെറിൻ കാതറിൻ, കളറിങ്ങ് ലിജു പ്രഭാകർ, പബ്ലിസിറ്റി ഡിസൈൻസ് ദിലീപ് ദാസ് എന്നിവരാണ്.

Top