മനസ്സിൽ പതിഞ്ഞ ‘ഭാസിപിള്ള’; ഷൈൻ ടോം ചാക്കോയെ പുകഴ്ത്തി ഭദ്രൻ

ലയാളത്തിലെ യുവനിര നടന്മാരില്‍ ശ്രദ്ധേയനാണ് ഷൈന്‍ ടോം ചാക്കോ. നായകനായി അഭിനയിച്ചിട്ടുണ്ടെങ്കിലും നെഗറ്റീവ് ഷെയ്ഡ് ഉള്ള ക്യാരക്റ്റര്‍ റോളുകളാണ് ഷൈനിന് ഏറ്റവും കൈയടികള്‍ നേടിക്കൊടുത്തത്. ഇപ്പോഴിതാ ഷൈനിന്‍റെ അഭിനയശൈലിയില്‍ താന്‍ നിരീക്ഷിച്ച പ്രത്യേകതകളെക്കുറിച്ച് പറയുകയാണ് മുതിര്‍ന്ന സംവിധായകന്‍ ഭദ്രന്‍. ഏറ്റവുമൊടുവില്‍ ഷൈന്‍ അഭിനയിച്ച കുറുപ്പിലെ കഥാപാത്രത്തെക്കുറിച്ചും ഭദ്രന്‍ പറയുന്നു.

മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടിൽ പുകയുന്ന മുറിബീഡിക്ക് ഒരു ലഹരിയുണ്ട്. ഷൈൻ ടോം ചാക്കോ ചുണ്ടിൽ ബീഡിയോ സിസറോ പുകയ്ക്കുമ്പോൾ ഇവനൊരു ചുണക്കുട്ടൻ ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ചലച്ചിത്ര അവാർഡ് കമ്മിറ്റിയിൽ ജൂറി ചെയർമാൻ ആയി ഇരിക്കെ, ഏറെ സിനിമകൾ കാണുകയുണ്ടായി. പലതിലും ഷൈൻ ടോം ചാക്കോയുടെ വേഷങ്ങളിൽ ഒരു താളവും പ്രസരിപ്പും അനുഭവിച്ചു.

താൻ പറയേണ്ട ഡയലോഗുകൾ കഥാപാത്രങ്ങൾക്ക് ഇണങ്ങുന്ന ശരീരഭാഷയ്ക്കും അതിനോട് ചേർന്നു നിൽക്കേണ്ട ശബ്ദക്രമീകരണത്തിലും സൃഷ്ടിക്കപ്പെടുമ്പോഴാണ് ഒരു യഥാര്‍ഥ നടന്‍ ഉണ്ടാവുന്നത്. ഇയാൾ ഇക്കാര്യത്തിൽ സമർത്ഥനാണ്. ഏറ്റവും ഒടുവിൽ കണ്ട കുറുപ്പിലെ ഭാസിപ്പിള്ള മാത്രമായിരുന്നു പടം കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ നിന്നത്. മോനേ കുട്ടാ, നൈസർഗികമായി കിട്ടിയതൊന്നും നമ്മളായി കളയാതെ സൂക്ഷിക്കുക. ചില മുഖങ്ങൾ കാഴ്ച്ചയിൽ സൗന്ദര്യമുള്ളതാവണമെന്നില്ല. പക്ഷേ, ആ മുഖം പല വേഷങ്ങൾക്കും ഒഴിച്ചു കൂടാൻ പറ്റാത്ത അസംസ്‍കൃത വസ്‍തു ആണെന്ന് ഓർക്കുക.

Top