പുതിയ തലമുറയ്ക്ക് ബോധമുള്ളതിനാൽ മാത്രം നാട്ടിൽ സമാധാനം; ആഷിഖ് അബു

തിരുവനന്തപുരം: പുതിയ തലമുറ ബോധമുള്ളവരാണെന്നും അതുകൊണ്ടു മാത്രമാണ് കേരളത്തില്‍ ജീവിതാന്തരീക്ഷം ഇത്രയെങ്കിലും സമാധാനപൂര്‍ണമായതെന്നും സംവിധായകന്‍ ആഷിഖ് അബു.

ഹാദിയ കേസുമായി ബന്ധപ്പെട്ട് മുസ്ലീം ഐക്യവേദി നടത്തിയ സംഘര്‍ഷഭരിതമായ സമരത്തിന്റെ പശ്ചാത്തലത്തിലാണ് ആഷിഖ് അബുവിന്റെ പ്രസ്താവന. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആഷിഖിന്റെ പ്രതികരണം.

നമ്മുടെ പൂര്‍വികര്‍ ശരിയായ വിദ്യാഭ്യാസത്തിന്റെ മൂല്യവും ശക്തിയും തിരിച്ചറിഞ്ഞതുകൊണ്ടാണ് പല തരത്തിലുള്ള പ്രകോപനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടും നമ്മള്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് ഇടം കൊടുക്കാന്‍ താല്പര്യമില്ലാത്ത, സമാധാനം ആഗ്രഹിക്കുന്ന, കലയെ സ്‌നേഹിക്കുന്ന സഹൃദയരാതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ലോകത്തു സമാധാനം പുലരണമെങ്കില്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ശരിയായ വിദ്യാഭ്യാസം കൊടുത്താല്‍ മതിയെന്ന് പറഞ്ഞത് മഹാത്മാ ഗാന്ധി.
വെളിച്ചം കടക്കാത്ത തലച്ചോറുകള്‍ മാനവരാശിയേയും പ്രകൃതിയേയും നശിപ്പിക്കുമെന്ന് സാരം. നമ്മുടെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളം ജീവിതനിലാവാരത്തിലും ബുദ്ധിവികാസത്തിലും ഏറെ മുന്നിലായത് നമ്മുടെ പൂര്‍വികര്‍ ശരിയായ വിദ്യാഭ്യാസത്തിന്റെ മൂല്യവും ശക്തിയും തിരിച്ചറിഞ്ഞതുകൊണ്ടാണ്. പല തരത്തില്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടും നമ്മള്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് ഇടം കൊടുക്കാന്‍ താല്പര്യമില്ലാത്ത, സമാധാനം ആഗ്രഹിക്കുന്ന, കലയെ സ്‌നേഹിക്കുന്ന സഹൃദയരാണ്. പറഞ്ഞുവരുന്നത് വലിയ വിഭാഗം മലയാളികളെ പറ്റിയാണ്. അവരെല്ലാം കാണുന്നുണ്ട്, പുതിയ തലമുറ ബോധമുള്ളവരാണ്. അതുകൊണ്ടുമാത്രമാണ് കേരളത്തില്‍ ജീവിതാന്തരീക്ഷം ഇത്രയെങ്കിലും സമാധാനപൂര്ണമായത്.
ഏകദൈവം എന്ന വിശ്വാസപ്രമാണത്തില്‍ ഐക്യപ്പെട്ടവരുടെ പേരാണ് മുസ്ലിങ്ങള്‍. അവരെ വീണ്ടും ഐക്യപ്പെടുത്താന്‍ പടച്ചവനേക്കാള്‍ വലിയവര്‍ വരേണ്ടിവരും

Top