സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു

ഏറ്റുമാനൂര്‍: മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് കോട്ടയത്തെ കാരിത്താസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1985 ല്‍ ജേസി സംവിധാനം ചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതി ചലച്ചിത്ര ലോകത്തേക്കു പ്രവേശിച്ചു. മനു അങ്കിള്‍ എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. 45ഓളം സിനിമകള്‍ ഇദ്ദേഹത്തിന്റെതായുണ്ട്. സിനിമയില്‍ വീണ്ടും സജീവമാകാനിരിക്കെയാണ് അന്ത്യം.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളജില്‍ നിന്നും ബിരുദവും നേടി. പിന്നീട് ഫാര്‍മസിയില്‍ ഡിപ്ലോമയും കരസ്ഥമാക്കി.

പ്രധാന തിരക്കഥകള്‍ നിറക്കൂട്ട് (1985), രാജാവിന്റെ മകന്‍ (1986), ന്യൂ ഡല്‍ഹി (1987), കോട്ടയം കുഞ്ഞച്ചന്‍ (1990). മനു അങ്കിള്‍, അഥര്‍വം, തുടര്‍ക്കഥ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ആകാശദൂത് എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു.

മലയാളത്തിലെ വാണിജ്യസിനിമയുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിച്ചു തിരക്കഥാകൃത്തായിരുന്നു അദ്ദേഹം. അദ്ദേഹം തിരക്കഥയൊരുക്കിയ ചിത്രങ്ങളിലൂടെയായിരുന്നു സൂപ്പര്‍ താരങ്ങളുടെ ഉദയം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ സൂപ്പര്‍ താരപദവിയിലേക്ക് ഉയര്‍ന്നത് ഡെന്നീസ് ജോസഫിന്റെ ഹിറ്റ് ചിത്രങ്ങളിലൂടെയായിരുന്നു. അദ്ദേഹം ഒരുക്കിയ ‘മനു അങ്കിള്‍’ 1988ല്‍ ദേശീയപുരസ്‌കാരം നേടി.

 

Top