കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അയോധ്യ ക്ഷേത്രത്തിലെ പ്രസാദമെന്ന പേരില്‍ വിറ്റ മധുരപലഹാരങ്ങള്‍ ആമസോണ്‍ നീക്കം ചെയ്തു. ‘രഘുപതി നെയ്യ് ലഡൂ,’ ‘ഖോയ ഖോബി ലഡൂ,’ ‘നെയ് ബുന്ദി ലഡൂ,’ ‘പശുവിന്‍ പാല്‍ പേഡ’ എന്നിവയാണ് ആമസോണ്‍ വിറ്റ ഉല്‍പ്പന്നങ്ങള്‍.
കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ആമസോണ്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതെന്നും ഇക്കാര്യത്തില്‍ നടപടി വേണമെന്നുമാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് പരാതിയില്‍ പറയുന്നത്.ചില വില്‍പനക്കാര്‍ ഉത്പന്നങ്ങളെ മാര്‍ക്കറ്റ് ചെയ്യാന്‍ തെറ്റായ രീതി പിന്തുടരുന്നുണ്ടെന്നും അത്തരം വ്യാപാരികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ആമസോണ്‍പ്രതികരിച്ചിരുന്നു.
വില്പന ശ്രദ്ധയില്‍പ്പെട്ടതോടെ വഞ്ചനാപരമായ വ്യാപാര നടപടികളില്‍ ഏര്‍പ്പെടുന്നുവെന്ന് ആരോപിച്ച് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ആമസോണിന് നോട്ടീസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആമസോണ്‍ വില്‍പന നിര്‍ത്തിയത്.നിരവധി പേരാണ് മധുരപലഹാരം ആമസോണില്‍ നിന്ന് വാങ്ങിയത്. എന്നാല്‍, ഔദ്യോഗികമായി ക്ഷേത്രം ട്രസ്റ്റി ഇത്തരത്തില്‍ പ്രസാദം വില്‍ക്കുന്നില്ല. ക്ഷേത്രത്തിന്റെ പേരില്‍ തെറ്റായ അവകാശവാദമുന്നയിച്ച് ഉല്‍പ്പനം വില്‍ക്കുകയാണെന്നായിരുന്നു പരാതി. തുടര്‍ന്നാണ് പരിശോധിച്ച് നോട്ടീസ് അയച്ചത്.