ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’ റോട്ടര്‍ഡാം മേളയിൽ പ്രദർശിപ്പിക്കും

ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ചിത്രം ‘ഫാമിലി’ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലേക്ക്. ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറാണ് റോട്ടര്‍ഡാമില്‍ നടക്കുക. 2023 ജനുവരി 25 മുതല്‍ ഫെബ്രുവരി 5 വരെയാണ് അടുത്ത ഫെസ്റ്റിവല്‍. സോഷ്യല്‍ ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തിൽ വിനയ് ഫോര്‍ട്ട് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സംവിധായകന്‍ തന്നെ എഡിറ്റിം​ഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ന്യൂട്ടണ്‍ സിനിമ ആണ്. ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാ​ഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ജലീല്‍ ബാദുഷ.

 

 

സോണി എന്ന കേന്ദ്ര കഥാപാത്രത്തിന്റെ കണ്ണിലൂടെയാണ് ചിത്രം ഇതള്‍ വിരിയുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഒരു കേരളീയ ​ഗ്രാമം പശ്ചാത്തലമാക്കുന്ന ചിത്രം നാട്ടുജീവിതത്തിലെ പരസ്പര വൈരുദ്ധ്യങ്ങളെ ചേര്‍ത്തുവെക്കുന്നു. 111 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

ഡോണ്‍ പാലത്തറയുടെ ആറാമത്തെ ചിത്രമാണ് ഫാമിലി. ശവം, വിത്ത്, 1956, മധ്യ തിരുവിതാംകൂര്‍ എവരിതിം​ഗ് ഈസ് സിനിമ, സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം എന്നിവയാണ് ഈ സംവിധായകന്‍റെ മുന്‍ ചിത്രങ്ങള്‍.

Top