പ്രത്യക്ഷ നികുതി വരുമാനത്തില്‍ 16 % വര്‍ധനയെന്ന് റിപ്പോര്‍ട്ട്

TAX

ന്യൂഡല്‍ഹി :ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ പ്രത്യക്ഷ നികുതി വരുമാനം 16.7 ശതമാനം വര്‍ധിച്ചു. സര്‍ക്കാരിലേക്കെത്തിയ മൊത്തം പ്രത്യക്ഷ നികുതി വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 16.7 ശതമാനം വര്‍ധിച്ച് 5.47 ലക്ഷം കോടി രൂപയിലേക്കെത്തിയതായി കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.

ഇക്കാലയളവില്‍ റീഫണ്ടുകള്‍ ക്രമീകരിച്ചതിനു ശേഷമുള്ള അറ്റ പ്രത്യക്ഷ നികുതി വരുമാനം 14 ശതമാനം വര്‍ധിച്ച് 4.44 ലക്ഷം കോടി രൂപയാണെന്നും ധനമന്ത്രാലയം വ്യക്തമാക്കി. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ആറ് മാസത്തിനുള്ളില്‍ 1.03 ലക്ഷം കോടി രൂപയുടെ റീഫണ്ട് ആണ് സര്‍ക്കാര്‍ വിതരണം ചെയ്തത്.

കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ നല്‍കിയ നികുതി റീഫണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ 30.4 ശതമാനം വര്‍ധനയാണ് റീഫണ്ട് തുകയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സാമ്പത്തിക വര്‍ഷം മൊത്തം 11.50 ലക്ഷം കോടി രൂപയുടെ അറ്റ പ്രത്യക്ഷ നികുതി വരുമാനം നേടാനാകുമെന്നാണ് സര്‍ക്കാര്‍ ബജറ്റില്‍ കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ 38.6 ശതമാനത്തോളം അറ്റ പ്രത്യക്ഷ നികുതി വരുമാനമാണ് ആദ്യ ആറ് മാസക്കാലയളവില്‍ സര്‍ക്കാരിലേക്കേത്തിയത്.

Top