‘മിന്നല്‍ മുരളി’ ഡയറക്റ്റ് ഒടിടി റിലീസിന് !

ലയാളം കാത്തിരിക്കുന്ന ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയുടെ ഡിജിറ്റല്‍ പ്രീമിയര്‍ അവകാശം നെറ്റ്ഫ്‌ലിക്സ് സ്വന്തമാക്കിയിരുന്നു. ടൊവിനോ തോമസ് നായകനാകുന്ന ചിത്രം മലയാളത്തില്‍ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലുമാണ് റിലീസിനെത്തുന്നത്.

എന്നാല്‍, സിനിമ തിയേറ്ററുകളിലൂടെ തന്നെ പുറത്തിറങ്ങുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. തിയേറ്ററുകള്‍ തുറക്കുന്നത് പ്രതിസന്ധിയില്‍ തുടരുന്ന പശ്ചാത്തലത്തില്‍ മിന്നല്‍ മുരളി ഒടിടി റിലീസായി എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ റിലീസ് തിയതി തിങ്കളാഴ്ച പുറത്തുവിടുമെന്നും സൂചനയുണ്ട്.

നെറ്റ്ഫ്‌ലിക്സ് ഇന്ത്യയുടെ പുതിയ ട്വീറ്റാണ് മിന്നല്‍ മുരളിയുടെ റിലീസിനെ പറ്റിയുള്ള പ്രചാരണങ്ങള്‍ക്ക് ആധാരം. ‘ഇന്നത്തെ ദിവസം എളുപ്പത്തില്‍ പോകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കാരണം നാളെ ഇതിലും എളുപ്പത്തില്‍ കടന്നുപോകും’ എന്ന് കുറിച്ചുകൊണ്ട് മിന്നലിനെ സൂചിപ്പിക്കുന്ന ഇമോജിയും നെറ്റ്ഫ്‌ലിക്സ് ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

ട്വീറ്റിന് താഴെ മിന്നല്‍ മുരളിയുടെ പോസ്റ്ററുകള്‍ പങ്കുവച്ചുകൊണ്ട് ആരാധകരും എത്തി. സിനിമയുടെ ട്രെയിലര്‍ സെപ്തംബര്‍ 10ന് റിലീസ് ചെയ്യുമെന്നും ചിത്രം അധികം വൈകാതെ തന്നെ പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന. ഗോദ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസും ബേസില്‍ ജോസഫും ഒന്നിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. തമിഴില്‍ ചിത്രം ഇതേ പേരില്‍ പുറത്തിറങ്ങും. തെലുങ്കില്‍ മെരുപ്പ് മുരളിയെന്നും കന്നഡയില്‍ മിഞ്ചു മുരളിയെന്നും ഹിന്ദിയില്‍ മിസ്റ്റര്‍ മുരളിയെന്നുമാണ് പേര്.

അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്, ജിഗതര്‍തണ്ട ഫെയിം ഗുരു സോമസുന്ദരം എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് മിന്നല്‍ മുരളി നിര്‍മിക്കുന്നത്.

 

Top