ദുല്‍ഖറിന്റെ മണിയറയിലെ അശോകന്‍ ഡയറക്ട് ഒടിടി റിലീസിനൊരുങ്ങുന്നു; നെറ്റ്ഫ്‌ളിക്‌സില്‍ ഓണം റിലീസ്

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രം ‘മണിയറയിലെ അശോകന്‍’ ഓണത്തിന് ഡയറക്ട് ഒടിടി റിലീസ് ആയി നെറ്റ്ഫ്‌ളിക്‌സ് വഴി എത്തും.’വേഫേയറര്‍ ഫിലിംസില്‍ ഞങ്ങളെ എല്ലാവരെയും സംബന്ധിച്ച് ഏറെ ആവേശകരമായ ഒരു തിരുവോണമാണ് വരാനിരിക്കുന്നത്. മണിയറയിലെ അശോകന്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ തിങ്കളാഴ്ചയാണ് എത്തുന്നത്. ഒരുപാട് കാരണങ്ങളാല്‍ സ്‌പെഷ്യല്‍ ആണ് ഈ ചിത്രം. വിചിത്രസ്വഭാവമുള്ള ഈ പ്രണയകഥ ഒരുക്കിയ അണിയറക്കാരെക്കുറിച്ച് ഏറെ അഭിമാനമുണ്ട് എനിക്ക്.

ചിത്രം നിങ്ങള്‍ കാണികളിലേക്ക് എത്തുന്നത് കാത്തിരിക്കാന്‍ വയ്യ’, ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നവാഗതനായ ഷംസു സായ്ബാ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വിനീത് കൃഷ്ണന്റേതാണ് തിരക്കഥ. സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ശ്രീഹരി കെ നായര്‍ സംഗീതം. ഷിയാസ് അമ്മദ്‌കോയയുടേതാണ് വരികള്‍. മലയാളത്തിലെ രണ്ടാമത്തെ ഡയറക്ട് ഒടിടി റിലീസ് ആണ് മണിയറയിലെ അശോകന്‍.

Top