ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ പോരാട്ടം ; രാജ്യസഭ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്

rajyasabha

ന്യൂഡല്‍ഹി : ഭരണ- പ്രതിപക്ഷ പാര്‍ട്ടികളുടെ നേരിട്ടുള്ള പോരാട്ടത്തിന് വേദിയായി രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11നാണ് തിരഞ്ഞെടുപ്പ് നടക്കുക. ജെ.ഡി.യുവിന്റെ ഹരിവംശ് നാരായണ്‍ സിങും കോണ്‍ഗ്രസിന്റെ ബി.കെ ഹരിപ്രസാദുമാണ് മത്സര രംഗത്തുള്ളത്. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ വേണ്ടത് 123 വോട്ടാണ്.

കരുണാനിധിയുടെ വിയോഗത്തെ തുടര്‍ന്ന് ഡി.എം.കെ അംഗങ്ങള്‍ സഭയില്‍ എത്താതിരുന്നാല്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട അംഗസംഖ്യ ഇനിയും കുറയും. ടി.ഡി.പിയുടേതും വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റേതുമുള്‍പ്പടെ 114 വോട്ടുകളാണ് സംയുക്ത പ്രതിപക്ഷത്തിന് രാജ്യസഭയില്‍ നിലവില്‍ ഉള്ളത്.

അകാലി ദള്‍ (3 സീറ്റ്), ശിവ സേന (3 സീറ്റ്), ബിജു ജനതാ ദള്‍ (9 സീറ്റ്) എന്നിവരില്‍ ആരെങ്കിലും മാറി നിന്നാല്‍ എന്‍.ഡി.എയുടെ സ്ഥിതി പരുങ്ങലിലാവും. 119 സീറ്റാണ് പ്രതിപക്ഷത്തിനുള്ളത്. ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നിവരുള്‍പ്പടെയാണ് ഈ കണക്ക്. കെജ്‌രിവാളിന്റ എ.എ.പിയും മെഹബൂബ മുഫ്തിയുടെ പി.ഡി.പിയും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ എ.ഐ.ഡി.എം.കെ ഉള്‍പ്പടെ ഭരണപക്ഷത്തിന് 116 അംഗങ്ങളുടെ പിന്തുണയുണ്ട്. ജെ.ഡി.യുവിന് സീറ്റ് നല്‍കിയതില്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ച എന്‍.ഡി.എ ഘടകകക്ഷി ശിരോമണി അകാലിദള്‍ സര്‍ക്കാരിനെ പിന്തുണച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 9 അംഗങ്ങളുള്ള ബി.ജെ.ഡിയും ജെ.ഡി.യു സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചേക്കും. ഈ സാഹചര്യത്തില്‍ 125 വോട്ടോടെ അനായാസ വിജയം സ്വന്തമാക്കാമെന്ന് ഭരണപക്ഷം കണക്കുകൂട്ടുന്നു. കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍ വിരമിച്ചശേഷം ഡെപ്യൂട്ടി ചെയര്‍മാന്റെ സ്ഥാനം 2018 ജൂണ്‍ മുതല്‍ ഒഴിഞ്ഞു കിടക്കുകയാണ്.

Top