ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരം വിട്ടു; രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

മസ്‌കറ്റ്: കനത്ത നാശനഷ്ടമുണ്ടാക്കാതെ ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരം വിട്ടു. ഹിക്കയെ തുടര്‍ന്നുളള കനത്ത മഴയിലും കാറ്റിലും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും ഇതുവരെ ആളപായം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലും , അല്‍ ഹജര്‍ പര്‍വതങ്ങളിലും ഒറ്റപ്പെട്ട മഴ തുടരാനുള്ള സൂചനകളാണ് പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അല്‍ വുസ്തയിലെയും തെക്കന്‍ ശര്‍ഖിയ്യയിലെയും ആരോഗ്യ സേവനങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചില്ല. 745 സ്വദേശി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുമായി ഒമ്പത് അഭയ കേന്ദ്രങ്ങള്‍ ആണ് അല്‍ വുസ്തയില്‍ പ്രവര്‍ത്തിച്ചു വരുന്നത്.

സുരക്ഷ കണക്കിലെടുത്തു അവധി നല്‍കിയിരുന്ന ഈ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഞാറാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. പ്രദേശത്തെ ഗതാഗതവും ഭാഗീകമായി പുനസ്ഥാപിച്ചു.

Top