യുദ്ധ ഭൂമിയിൽ നിന്നും എത്തുന്നവര്‍ക്ക് തുണയായി മലയാളി ഉദ്യാഗസ്ഥയും . . .

കാസര്‍കോട്: യുക്രെയിനില്‍ നിന്നും പലായനം ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് തുണയായി ഒരു മലയാളി ഐ.എഫ്.എസ് ഓഫീസര്‍. പോളണ്ടിലെ ഇന്ത്യന്‍ അംബാസഡറായ കാസര്‍കോട് സ്വദേശിനി നഗ്മ മല്ലിക് ആണ് രക്ഷാപ്രവര്‍ത്തനത്തിന് മേല്‍ നോട്ടം വഹിക്കുന്നത്. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഭക്ഷണവും താമസവും നല്‍കാനും, അവരെ നാട്ടിലേക്ക് അയക്കാനും അവര്‍ സജീവമായി തന്നെയാണ് രംഗത്തുള്ളത്. പോളണ്ട് സര്‍ക്കാറിന്റെ സഹായം ലഭ്യമാക്കുന്നതിന് നിരന്തരം ഇടപെടുന്നതും ഈ മലയാളി തന്നെയാണ്.

കാസര്‍കോട് ഫോര്‍ട്ട് റോഡിലെ മുഹമ്മദ് ഹബീബുല്ലയുടെയും പൈവളിഗെ സ്വദേശിനി സുലേഖ ബാനുവിന്റെയും മകളായ ഇവര്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് പോളണ്ടിലെ ഇന്ത്യന്‍ അംബാസഡറായി ചുമതലയേറ്റത്. പോളണ്ട് കേന്ദ്രീകരിച്ച് നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന സംഘത്തിലെ പ്രധാനികളില്‍ ഒരാള്‍. യുദ്ധത്തില്‍ ഒറ്റപ്പെട്ടുപോയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ അതിര്‍ത്തി വഴി പോളണ്ടിലെത്തിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു. പിന്നീട് നാട്ടിലേക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നു. ദിവസങ്ങളായി ഈ ജോലിയില്‍ മുഴുകിയിരിക്കുകയാണ് ഇവര്‍.

ന്യൂഡല്‍ഹിയിലാണ് നഗ്മയുടെ ജനനവും പഠനവുമെല്ലാം. പിതാവ് കാസര്‍കോട് ഫോര്‍ട്ട് റോഡിലെ പുതിയപുര മുഹമ്മദ് ഹബീബുല്ലക്ക് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗത്തില്‍ ജോലി ലഭിച്ചതോടെയാണ് ന്യൂഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയത്. 1991 ഐ.എഫ്.എസ് കേഡറായ നഗ്മ മുന്‍ പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാളിന്റെ സ്റ്റാഫ് ഓഫിസര്‍, തുനീഷ്യ, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളില്‍ അംബാസഡര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ന്യൂഡല്‍ഹിയില്‍ അഭിഭാഷകനായ ഫരീദ് മല്ലിക് ആണ് ഭര്‍ത്താവ്.

 

Top