അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും നയതന്ത്ര ഉദ്യോ​ഗസ്ഥര്‍ ബീജിങില്‍ ചര്‍ച്ച നടത്തി

ദില്ലി: ബീജിങില്‍ അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യ ചൈന ചർച്ച. ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരാണ് അതിര്‍ത്തിയിലെ സാഹചര്യം ചർച്ച ചെയ്തത്. ചൈന വിഷയത്തില്‍ ഭരണപക്ഷ പ്രതിപക്ഷ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് ചർച്ച. യഥാർത്ഥ നിയന്ത്രണ രേഖയിലെ സൈനിക പിന്മാറ്റത്തെക്കുറിച്ച് ബീജിങില്‍ വച്ചാണ് ഇരു രാജ്യങ്ങളിലെയും നയതന്ത്രതസംഘം ചർച്ച നടത്തിയത്.

അതിര്‍ത്തി വിഷയത്തില്‍ ഇത് ഇരുപത്തിയാറാം തവണയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ച‍ർ‍ച്ച നടക്കുന്നത്. കിഴക്കൻ ലഡാക്കിലെ അതിര്‍ത്തി മേഖലയിലെ സൈനിക പിന്മാറ്റം അടക്കം കൂടിക്കാഴ്ചയില്‍ ചർച്ചയായി. പതിനാലാമത് നയതന്ത്ര ചർച്ചക്ക് ശേഷം ഇത് ആദ്യമായാണ് അതിർത്തി വിഷയങ്ങള്‍ക്കായുള്ള നയതന്ത്ര സംഘം നേരിട്ട് ചർച്ച നടത്തുന്നത്. കൊവിഡ് കാലത്ത് ഓണ്‍ലൈനായും അതിർത്തി പിന്‍മാറ്റത്തെ കുറിച്ച് ഇരു രാജ്യങ്ങളും ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു അവസാന ചർച്ച. സംഘർഷ സാഹചര്യത്തില്‍ അന്‍പതിനായിരത്തില്‍ അധികം സൈനികരെയാണ് ഇന്ത്യയും ചൈനയും യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ വിന്യസിച്ചിരിക്കുന്നത്.

ഭരണപക്ഷ പ്രതിപക്ഷ ഏറ്റുമുട്ടല്‍ ചൈനയിലെ അതിർത്തി വിഷയത്തില്‍ നടക്കുന്പോഴാണ് പുതിയ കൂടിക്കാഴ്ചയെന്നതാണ് ശ്രദ്ധേയം. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ കഴിഞ്ഞ ദിവസത്തെ വിമർശനത്തിന് ശേഷം ഇന്ന് മന്ത്രിക്കെതിരെ കോണ്‍ഗ്രസ് വലിയ വിമർശനം ഉന്നയിച്ചിരുന്നു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം മാർച്ച്13 നും തുടങ്ങുമ്പോള്‍ ചൈന വിഷയം പ്രതിപക്ഷം വീണ്ടും ഉയര്‍ത്താന്‍ ഇടയുണ്ട്. കോണ്‍ഗ്രസ് പ്ലീനറിയിലും വിഷയം ചർച്ചയാകും.

Top