അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്താന്‍ നയതന്ത്രതല ചര്‍ച്ച

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയായ കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ നടന്ന ഏറ്റുമുട്ടലിന് ശേഷം നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥക്ക് അയവുണ്ടാക്കാന്‍ ഇന്ത്യ-ചൈന നയതന്ത്രതല ചര്‍ച്ചകള്‍ ഈ ആഴ്ച നടക്കുമെന്ന് സൂചന. സംഘര്‍ഷാവസ്ഥക്ക് അയവുണ്ടാക്കുക, ഗല്‍വാന്‍ വാഴ്വരയിലെ ഇടപെടല്‍ കുറക്കുക എന്നിവയാണ് പ്രധാനമായും ചര്‍ച്ചയില്‍ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗല്‍വാനില്‍ ജൂണ്‍ 15നുണ്ടായ രക്തരൂക്ഷിത ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം രൂക്ഷമായി തന്നെ തുടരുകയാണ്. പരസ്പര ധാരണയോടെ സൈന്യത്തെ പിന്‍വലിക്കാനായി സൈനിക തലത്തിലും നയതന്ത്ര തലത്തിലും ഈ ആഴ്ച ചര്‍ച്ചകള്‍ നടക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്തരൂക്ഷിത ഏറ്റുമുട്ടലിന് ശേഷം നിരവധി ചര്‍ച്ചകള്‍ സൈനിക തലത്തില്‍ നടന്നുകഴിഞ്ഞു. ഇന്ത്യന്‍, ചൈനീസ് വിദേശകാര്യ മന്ത്രാലയങ്ങള്‍ ഗല്‍വാന്‍ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ജൂണ്‍ 15നുണ്ടായ ആക്രമണം ചൈന മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ. 20 സൈനികര്‍ കൊല്ലപ്പെട്ടതിന് പുറമേ 76 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ഭാഗത്തും നഷ്ടമുണ്ടായതായി പ്രസ്താവിച്ച ചൈനീസ് സേന ഔദ്യോഗികമായി കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. 40 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Top