ദീപാങ്കർ ദത്തെയെ നിയമിച്ചു, സുപ്രീം കോടതി ജഡ്ജിയാകുന്നത് കൊളീജിയം ശുപാർശ ചെയ്ത് 75 ദിവസത്തിന് ശേഷം

ദില്ലി : ജസ്റ്റിസ് ദീപാങ്കർ ദത്തെയെ സുപ്രീം കോടതി ജഡ‍്ജിയായി നിയമിച്ചു. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി പ്രവർത്തിച്ച് വരികയായിരുന്നു അദ്ദേഹം. കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകരിച്ചതായുള്ള വിജ്ഞാപനം പുറത്തിറങ്ങിയതോടെ ആണ് നിയമനം. സെപ്റ്റംബർ 26നാണ് ദീപാങ്കർ ദത്തയെ സുപ്രീം കോടതി ജ‍ഡ്ജിയാക്കാൻ കൊളീജിയം ശുപാര്‍ശ ചെയ്തത്. 75 ദിവസത്തിന് ശേഷമാണ് വിജ്‌ഞപാനം പുറത്തിറങ്ങുന്നത്. ജ‍ഡ്ജി നിയമനത്തിലെ കൊളീജിയം ശുപാര്‍ശ അംഗീകരിക്കുന്നതില്‍ സർക്കാർ വൈമുഖ്യം കാണിക്കുന്നതിലെ സുപ്രീംകോടതി വിമ‌ർശനം നിലനില്‍ക്കെയാണ് ഉത്തരവ് പുറത്തിറങ്ങുന്നത്.

അതേസമയം ജഡ്ജി നിയമന വിഷയത്തില്‍ സർക്കാരും സുപ്രീം കോടതിയും ഇരു ചേരിയിലാണ്. ഇത് രാഷ്ട്രീയ ആയുധമാക്കാന്‍ ഉള്ള ശ്രമത്തിലാണ് പ്രതിപക്ഷം. ജുഡീഷ്യറിയെ പിടിച്ചെടുക്കാന്‍ സർക്കാ‍ർ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു. എന്നാല്‍ വിഷയം എങ്ങനെ മുന്നോട്ട് പോകുമെന്ന നിരീക്ഷിച്ച ശേഷം നടപടി കടുപ്പിക്കാമെന്നാണ് ചില പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. ജഡ്ജി നിയമന വിഷയത്തില്‍ സുപ്രീംകോടതിയും സർക്കാരും തമ്മില്‍ വാക്പോര് തുടരുകയാണ്. ഭരണഘടന സ്ഥാപനങ്ങളെ വരുതിയിലാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന വിമർശനമുയർത്തുന്ന പ്രതിപക്ഷം, അതിന് ഉദാഹരണമായാണ് കൊളീജിയം വിവാദം ചൂണ്ടിക്കാണിക്കുന്നത്.

Top