സഭയുടെ സ്വത്തുക്കള്‍ പൊതുസ്വത്തല്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍

mar george alancherry

കൊച്ചി : രൂപതയുടെ സ്വത്ത് പൊതുസ്വത്തല്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഹൈക്കോടതിയില്‍. സഭ ട്രസ്റ്റല്ല, രൂപതയുടെ സ്വത്ത് വില്‍ക്കാന്‍ അവകാശമുണ്ടെന്നും ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച പരിശോധന ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.

രൂപതയുടെ കീഴിലുള്ള ഭൂമി കര്‍ദ്ദിനാളിന് എങ്ങനെ വില്‍ക്കാനാകുമെന്ന് ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം വിശദീകരിച്ചത്. സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പരാമര്‍ശം നടത്തിയത്.

എന്നാല്‍ സഭ ട്രസ്റ്റ് അല്ലെന്നും. ഭൂമി ട്രസ്റ്റിന്റേതല്ലെന്നും കര്‍ദ്ദിനാളിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതിരൂപതയുടെ ഭൂമി വില്‍ക്കാന്‍ അധികാരമുണ്ട്. ഭൂമിയിടപാടില്‍ നഷ്ടമുണ്ടായാലും മൂന്നാമതൊരാള്‍ക്ക് ഇടപാടാനാവില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍, ട്രസ്റ്റിന്റെ ഭൂമി ആണെന്ന് പരാതിക്കാരന്‍ ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിനോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ഹര്‍ജി വിശദ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.

Top