ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ദിനേഷ് മോംഗിയ

മുംബൈ: 2003 ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പായ ഇന്ത്യന്‍ ടീമംഗം ദിനേഷ് മോംഗിയ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞിട്ട് 12 വര്‍ഷം പൂര്‍ത്തിയായതിനു പിന്നാലെയാണ് നാല്‍പ്പത്തിരണ്ടുകാരനായ മോംഗിയ വിരമിക്കല്‍ പ്രഖ്യാപിച്ചത്. രാജ്യാന്തര തലത്തില്‍ 57 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. ഒരേയൊരു ട്വന്റി- 20 മല്‍സരം കൂടി ചേരുമ്പോള്‍ രാജ്യാന്തര കരിയര്‍ പൂര്‍ണം.

ആഭ്യന്തര ക്രിക്കറ്റില്‍ ഒരു പതിറ്റാണ്ടു പിന്നിടുമ്പോഴാണ് വിരമിക്കല്‍. 2007ല്‍ വിമത ക്രിക്കറ്റ് ലീഗായ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ കളിച്ചതിന് ബിസിസിഐയുടെ വിലക്കു ലഭിച്ചിരുന്നു. പിന്നീട് ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ടും മോംഗിയയുടെ പേരു പറഞ്ഞുകേട്ടെങ്കിലും താരം അതു നിഷേധിച്ചിരുന്നു. ശേഷം ഇന്ത്യന്‍ ജഴ്‌സിയില്‍ മടങ്ങിയെത്താന്‍ സാധിക്കാതെയാണ് മോംഗിയയുടെ പടിയിറക്കം.

2001 മാര്‍ച്ചില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പുണെയിലാണ് മോംഗിയ രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്. 2007 മേയില്‍ ബംഗ്ലദേശിനെതിരെ ധാക്കയിലായിരുന്നു അവസാന ഏകദിനം. ഈ മല്‍സരത്തില്‍ 16 പന്തില്‍ 17 റണ്‍സ് നേടി. മല്‍സരം ഇന്ത്യ ജയിക്കുകയും ചെയ്തു. ഇന്ത്യന്‍ ജഴ്‌സിയില്‍ 57 ഏകദിനങ്ങളില്‍നിന്ന് 27.95 റണ്‍സ് ശരാശരിയില്‍ 1230 റണ്‍സാണ് സമ്പാദ്യം. ഇതില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. 2002ല്‍ സിംബാബ്വെയ്‌ക്കെതിരെ പുറത്താകാതെ നേടിയ 159 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 14 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 31 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതതാണ് ഏറ്റവും മികച്ച പ്രകടനം.

രാജ്യാന്തര ട്വന്റി- 20യില്‍ ഒരേയൊരു തവണ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത് 2006ലാണ്. രാജ്യാന്തര ട്വന്റി20യില്‍ ഇന്ത്യ അരങ്ങേറ്റം കുറിച്ച മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൊഹാനാസ്ബര്‍ഗിലാണ് മോംഗിയയ്ക്കും അവസരം ലഭിച്ചത്. വീരേന്ദര്‍ സേവാഗും സച്ചിന്‍ തെന്‍ഡുല്‍ക്കറും മഹേന്ദ്രസിങ് ധോണിയും, സുരേഷ് റെയ്‌നയും ഉള്‍പ്പെടെയുള്ളവര്‍ ടീമിലുണ്ടായിരുന്ന ഈ മല്‍സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ മോംഗിയയായിരുന്നു. എന്നാല്‍, പിന്നീട് താരത്തിന് ട്വന്റി20യില്‍ അവസരങ്ങള്‍ ലഭിച്ചില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിക്കലും അരങ്ങേറ്റത്തിന് അവസരം ലഭിക്കാതെ പോയതും നിരാശയായി.

ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന നായകന്‍ കപില്‍ ദേവ് ഉള്‍പ്പെടെയുള്ളവര്‍ പങ്കാളികളായിരുന്ന വിമത ക്രിക്കറ്റ് ലീഗായ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ പങ്കാളിയായതോടെയാണ് ദിനേഷ് മോംഗിയയുടെ കരിയറിലെ തിരിച്ചിറക്കം ആരംഭിക്കുന്നത്. ലീഗുമായി സഹകരിച്ചിരുന്ന കപില്‍ ദേവും അമ്പാട്ടി റായുഡുവും ഉള്‍പ്പെടെയുള്ളവര്‍ ബിസിസിഐയോടു മാപ്പപേക്ഷിച്ച് കളത്തില്‍ തിരിച്ചെത്തിയപ്പോള്‍, മോംഗിയ മാത്രം ഒറ്റപ്പെട്ടു നിന്നു. പിന്നീട് കളത്തിലേക്കു മടങ്ങിയെത്താതെ പോയ മോംഗിയയെ, കഴിഞ്ഞ സീസണില്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സിലക്ടറായി നിയമിച്ചിരുന്നു.

Top