ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിനെ പ്രശംസിച്ച് ദിനേശ് കാര്‍ത്തിക്

സതാംപ്ടണ്‍: ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍, ബാറ്റ്സ്‌മാന്‍ റിഷഭ് പന്തിനെ പ്രശംസ കൊണ്ടുമൂടി ദിനേശ് കാര്‍ത്തിക്. ഇന്ത്യക്കായി 100 ടെസ്റ്റുകള്‍ കളിക്കാന്‍ പന്തിന് കഴിയുമെന്നും എതിര്‍ ടീമുകളുടെ പേടിസ്വപ്നമായി മാറിക്കൊണ്ടിരിക്കുകയാണ് 23കാരനായ താരമെന്നും കാര്‍ത്തിക് പറഞ്ഞു.

ചുരുങ്ങിയ കാലത്തിനുള്ളില്‍ അവിസ്മരണീയമായ കുറച്ച് പ്രകടനങ്ങള്‍ റിഷഭ് പന്ത് പുറത്തെടുത്തിട്ടുണ്ട്. അതിസമ്മര്‍ദമുള്ള മത്സരങ്ങളില്‍ കളിച്ചു. അദേഹം എപ്പോഴും വെല്ലുവിളികള്‍ക്ക് തയ്യാറായ ഒരാളാണെന്ന് ഞാന്‍ കരുതുന്നു. ഐപിഎല്‍ ഫൈനലില്‍ അര്‍ധ സെഞ്ചുറി നേടി.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി ക്യാപിറ്റില്‍സിനെ ഒറ്റയ്ക്ക് ഒരു മത്സരത്തില്‍ ജയിപ്പിച്ചത് ഓര്‍ക്കുന്നു. അതൊരു എലിമിനേറ്റര്‍ മത്സരമാണെന്ന് തോന്നുന്നു. ഇത്തരം നിര്‍ണായക മത്സരങ്ങളില്‍ എപ്പോഴും റണ്‍സ് കണ്ടെത്തുന്നു.

സമ്മര്‍ദം കൈകാര്യം ചെയ്യാനുള്ള കഴിവ് ഇത് വ്യക്തമാക്കുന്നുണ്ട്. ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും എതിരായ പരമ്പരകളില്‍ ഇന്ത്യക്കായി ഗംഭീര ഇന്നിംഗ്സുകള്‍ കളിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിഭാജ്യഘടകമാകും റിഷഭ് പന്ത് എന്ന കാര്യത്തില്‍ സംശയമില്ല.

ഇന്ത്യക്കായി 100 ടെസ്റ്റുകളും ഏറെ വൈറ്റ് ബോള്‍ മത്സരങ്ങളും കളിക്കാന്‍ പോകുന്ന താരങ്ങളില്‍ ഒരാളായിരിക്കും അദേഹം. കുറഞ്ഞ സാങ്കേതിക മികവ് കൊണ്ട് ഏറെ റണ്‍സ് കണ്ടെത്താനാകുന്നു.

ധീരമായ ഷോട്ടുകള്‍ കൊണ്ട് എതിരാളികളുടെ മനസില്‍ ഭീതി ജനിപ്പിക്കാന്‍ കഴിയുന്നു. അവനൊരു സ്പെഷ്യല്‍ താരമാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിക്കാന്‍ നിരന്തര സംഭാവനകള്‍ നല്‍കാന്‍ പോകുന്ന താരം’ എന്നും ദിനേശ് കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

 

Top