ഒരുപാടു പേർ എഴുതിത്തള്ളി; കടപ്പാട് ആർസിബിയോട്; തിരിച്ചുവരവിനെക്കുറിച്ച് ദിനേശ് കാർത്തിക്

ഐപിഎൽ സീസണിലെ തിളക്കമാർന്ന പ്രകടനത്തിലൂടെ, 3 വർഷത്തിനു ശേഷം ഇന്ത്യൻ ടീമിലേക്കുള്ള ദിനേശ് കാർത്തിക്കിൻറെ തിരിച്ചുവരവിൽ പ്രശംസയുമായി ക്രിക്കറ്റ് നിരൂപകരുടെയും ആരാധകരും. 36-ാം വയസിൽ കളി നിർത്തി കമൻറേറ്ററായി കരിയർ തുടങ്ങിയെന്ന് വിചാരിച്ച ഇടത്തുനിന്ന് വീണ്ടും ഇന്ത്യൻ ടീമിലേലേക്ക് ഫിനിഷറുടെ റോളിൽ തിരിച്ചുവരവ്. കാർത്തിക്കിനെ ഫിനിഷറെന്ന നിലയിൽ ടി20 ലോകകപ്പ് ടീമിലെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് താരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലെടുത്തത്.

‘ഏറ്റവും സ്പെഷ്യൽ ആയ തിരിച്ചുവരവാണ് ഇത്തവണത്തേത്, ഒരുപാട് പേർ എന്നെ എഴുതിത്തള്ളിയിരുന്നു. തിരിച്ചുവരവിൽ കോച്ച് അഭിഷേക് നായർക്ക് പ്രധാന പങ്കുണ്ട്. അതുപോലെ ഐപിഎൽ ലേലത്തിൽ എന്നെ വിശ്വാസത്തിലെടുക്കുകയും ടീമിലെടുക്കുകയും ചെയ്ത ആർസിബിക്കും ടീമിൽ എൻറെ റോൾ എന്താണെന്ന് വ്യക്തമാക്കി എല്ലാവിധ പിന്തുണയും തന്ന മൈക് ഹെസ്സണും സഞ്ജയ് ബംഗാർക്കും ഈ തിരിച്ചുവരവിൽ പങ്കുണ്ട്.

ഞാൻ ടീമിൽ തിരിച്ചെത്താൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും കോച്ച് രാഹുൽ ദ്രാവിഡും നിർണായക പങ്കു വഹിച്ചിട്ടുണ്ട്. കാരണം, ടീമിൽ സ്ഥാനത്തിനായി ഒട്ടേറെ യുവതാരങ്ങൾ മത്സരിക്കുമ്പോൾ എന്നെപ്പൊലൊരു കളിക്കാരനെ ടീമിലെടുക്കാനും ലോകകപ്പ് ടീമിൽ ഇതുപോലെയൊരാളെയാണ് വേണ്ടതെന്ന് പറയാനും അവർ തയാറായി.

ദേശീയ ടീമിൽ നിന്ന് പുറത്തായശേഷം ഞാൻ കമൻററിയിലേക്ക് തിരിഞ്ഞപ്പോൾ എനിക്കിനി ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ താൽപര്യമില്ലെന്നുപോലും കരുതിയവരുണ്ട്. എന്നെ എഴുതിത്തള്ളിയവരുണ്ട്. അപ്പോഴും ഇന്ത്യൻ ടീമിൽ തിരിച്ചെത്തുക എന്നതിനായിരുന്നു ഞാൻ മുൻഗണന നൽകിയത്’ – ദിനേശ് കാർത്തിക് പറഞ്ഞു.

Top