പന്ത്രണ്ടു വയസ്സുകാരിയുടെ കൊലപാതകം; പ്രതിയെ വെറുതെ വിട്ടതിൽ പ്രതിഷേധം ശക്തം

തമിഴ്നാട് : തമിഴ്‌നാട്ടിൽ പന്ത്രണ്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ വെറുതെ വിട്ടതില്‍ പ്രതിഷേധം ശക്തം. പ്രതിയെ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്. ബാർബർ ഷോപ്പുടമയുടെ മകളാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടി.

പെണ്‍കുട്ടിയെ പീഡിപ്പിച്ച കൊന്ന പ്രതിക്കു വേണ്ടി പൊലീസ് ഒത്തുകളിച്ചതിന്‍റെ വിവരങ്ങളാണ് പുറത്തു വരുന്നത്. ദിണ്ഡിഗല്‍ ജില്ലയിലെ കുറുമ്പാട്ടി ഗ്രാമത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ പതിനാറിനാണ് പന്ത്രണ്ടുകാരിയെ വീട്ടിനുള്ളില്‍ ഷോക്കേല്‍പിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം ഷോക്കടിപ്പിച്ചാണ് കൊന്നതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. പത്തൊന്‍പതുകാരനായ അയൽവാസിയാണ് പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് പരിചയം നടിച്ച് വീട്ടിൽ കയറി പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്.

ബോധരഹിതയായ പെണ്‍കുട്ടിയുടെ വായിലും മൂക്കിലും വയറ് തിരുകികയറ്റി ഷോക്ക് അടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. പൊലീസ് അന്വേഷണത്തില്‍ അയല്‍വാസിയായ 19 കാരന്‍ അറസ്റ്റിലായി. പീഡിപ്പിച്ചതിനു ശേഷം ഷോക്കടിപ്പിച്ചു കൊന്നുവെന്നായിരുന്നു കുറ്റപത്രം. പ്രതി ശിശു സംരക്ഷണ സമിതി മുൻപാകെ കുറ്റം സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കേസ് കോടതിയില്‍ എത്തിയപ്പോഴേക്കും തെളിവുകള്‍ എല്ലാം അപ്രത്യക്ഷമായി. വയറു പോലുള്ള വസ്തു ഉപയോഗിച്ചു കുരുക്കിട്ടതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണു മരണമെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് കോടതിയില്‍ എത്തിയത്.

കേസിലെ നിര്‍ണായക തൊണ്ടിമുതലായ വയര്‍ കോടതിയില്‍ ഹാജരാക്കാതെയും പൊലീസ് ഒത്തുകളിച്ചു. പ്രധാന തെളിവാകേണ്ടിയിരുന്ന ശിശുസംരക്ഷണ സമിതി ഓഫീസര്‍ മുമ്പാകെയുള്ള കുറ്റസമ്മത മൊഴി മുക്കുകയും ചെയ്തു. ഷോക്കേല്‍പ്പിച്ച വയറിലെ വിരലടയാളം ഉള്‍പ്പടെ ശേഖരിച്ചില്ല. തെളിവുകളുടെ അഭാവത്തില്‍ ദിണ്ടിഗല്‍ സെഷൻസ് കോടതി പ്രതിയെ വെറുതെ വിടുകയും ചെയ്തു.

കൊല്ലപ്പെട്ട ഏഴാം ക്ലാസുകാരി ദിണ്ടിഗലില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്നയാളുടെ മകളാണ്. കേസിലെ പ്രതിയാകട്ടെ അണ്ണാഡിഎംകെ പ്രദേശിക നേതാവിന്‍റെ മകനുമാണ്. പ്രതിയെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിച്ചെന്ന് ചൂണ്ടികാട്ടി ദിണ്ടിഗല്‍ കളക്ട്രേറ്റിലേക്ക് നാട്ടുകാര്‍ പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധത്തിന്‍റെ ഭാഗമായി തമിഴ്നാട്ടിലെ രണ്ടു ലക്ഷം ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും അടച്ചിട്ടു. ഒത്തുകളിച്ച പൊലീസുകാര്‍ക്ക് എതിരെ നടപടി വേണമെന്ന് ഡിഎംകെ ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. അതേസമയം പ്രതിഷേധം ശക്തമായതോടെ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

Top