ആസാം പ്രതിഷേധം ; പ്രതിഷേധത്തെ തുടര്‍ന്ന് റെയില്‍വെ ട്രാക്കുകള്‍ നശിപ്പിച്ചു, 2000 യാത്രക്കാര്‍ കുടുങ്ങി

assam

അസം: ആസാമിലെ ദിമ ഹസാവോ ജില്ലയെ നാഗാലാന്‍ഡില്‍ ലയിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം. ഡിമ ഹസാവോ ജില്ലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതോടെ 2000 യാത്രക്കാരാണ് സില്‍ചാറിലും ഗുവാഹത്തിയിലുമായി കുടുങ്ങിയിരിക്കുന്നത്.

റെയില്‍വെയുടെ സ്വത്തുക്കളും ട്രാക്കും നശിപ്പിക്കപ്പെട്ട നിലയിലാണ്. ട്രാക്കിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാതെ ട്രെയിനുകളുടെ സര്‍വീസ് നടത്താന്‍ സാധിക്കില്ല. അതിനാല്‍ യാത്രക്കാരെ റോഡുമാര്‍ഗം ഒഴിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ദക്ഷിണ അസം, മിസോറം, ത്രിപുര എന്നിവിടങ്ങളിലേക്കുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണെന്ന് വടക്കുകിഴക്ക് റെയില്‍വെ പിആര്‍ഒ പ്രണവ് ജ്യോതി ശര്‍മ പറഞ്ഞു. വിവിധ സ്റ്റേഷനുകളിലായി 24 മണിക്കൂറിലധികമായി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്.

പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനായി പൊലീസ് നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ദിമാസ എന്ന ഗോത്രവിഭാഗം ഉള്‍പ്പെടുന്ന പ്രദേശത്തെ നാഗലാന്‍ഡിന്റെ ഭാഗമാക്കുമെന്ന വാര്‍ത്തകള്‍ വന്നതു മുതലാണ് ഇവിടെ വന്‍ തോതില്‍ പ്രതിഷേധം ഉയര്‍ന്നത്.

Top