സ്വയം കുഴിച്ച ‘കുഴിയില്‍’ വീഴാന്‍ ഒരു കത്ത്, യോഗം ഇനി ചേര്‍ന്നാല്‍ ഡബ്ല്യൂ.സി.സിക്ക് . .

Parvathy, Revathi, Padmapriya

കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച ‘അമ്മ’ സംഘടനാ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നടിമാരായ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ നല്‍കിയ കത്ത് പരിഗണിക്കേണ്ടതില്ലന്ന് സംഘടനയില്‍ വികാരം.

വര്‍ഷത്തില്‍ ഒരിക്കല്‍ ചേരുന്ന ജനറല്‍ ബോഡി യോഗം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കുന്നത് അപ്രായോഗിക നടപടിയാണെന്ന് താരങ്ങള്‍ പറയുന്നു.

ഇപ്പോള്‍ കത്ത് നല്‍കിയ മൂന്ന് നടിമാരും രാജിവച്ച നാല് പേരും കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാതെ സംഘടനയെ മുള്‍മുനയില്‍ നിര്‍ത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ‘അമ്മ’ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള മിക്ക താരങ്ങള്‍ക്കുമുള്ളത്.

ജനറല്‍ ബോഡി എടുത്ത തീരുമാനത്തില്‍ ജനറല്‍ ബോഡി തന്നെയാണ് പരിശോധന നടത്തേണ്ടതെന്നിരിക്കെ ഇനി എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്നിട്ടും കാര്യമില്ലാത്ത അവസ്ഥയിലാണ്.

എന്നാല്‍ മുന്‍കൂട്ടി ഷൂട്ടിങ് മാറ്റി വച്ച് കഴിഞ്ഞ യോഗത്തില്‍ പങ്കെടുത്ത താരങ്ങള്‍ വീണ്ടും ഷൂട്ടിങ് മാറ്റിവച്ച് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ ആവശ്യപ്പെട്ട തിയ്യതിയില്‍ ജനറല്‍ ബോഡി യോഗത്തിന് വരണമെന്ന് പറഞ്ഞാല്‍ സൗകര്യമില്ലന്നാണ് അമ്മ അംഗങ്ങളുടെ പ്രതികരണം.

കത്ത് നല്‍കിയവരില്‍ ആരും തന്നെ എക്‌സിക്യുട്ടീവില്‍ ഇല്ലാത്തതിനാല്‍ ജനറല്‍ ബോഡി വിളിച്ച് ചേര്‍ക്കുക മാത്രമാണ് യോഗം വിളിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നേതൃത്വത്തിന് ഇനി ചെയ്യാനുള്ളത്. എന്നാല്‍ മൂന്നു പേരുടെ വാശിക്ക് നിന്നു കൊടുക്കാന്‍ മനസ്സില്ലെന്ന് ഭൂരിപക്ഷ താരങ്ങളും നിലപാട് എടുത്താല്‍ നേതൃത്വം വെട്ടിലാകും.

മോഹന്‍ലാലും മമ്മുട്ടിയും ജനപ്രതിനിധികളായ കെ.ബി.ഗണേഷ് കുമാര്‍, മുകേഷ്, ഇന്നസെന്റ് തുടങ്ങിയവരും സ്വീകരിക്കുന്ന നിലപാടായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവുക.

യോഗം വിളിച്ചാല്‍ തന്നെ ‘അമ്മ’ നിലപാടില്‍ പ്രതിഷേധിച്ച് രാജിവച്ച രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ പറ്റില്ല.

പൃഥ്വിരാജ് ഉള്‍പ്പെടെയുളള ചില യുവ താരങ്ങളുടെ പിന്തുണ കത്ത് നല്‍കിയവര്‍ യോഗത്തില്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സഹചര്യത്തില്‍ ‘അമ്മ’ വികാരം എതിരായതിനാല്‍ കാര്യമായ ഒരു പിന്തുണ ലഭിക്കാന്‍ സാധ്യതയില്ല.

മാത്രമല്ല തീരുമാനം വോട്ടിനിടുകയാണെങ്കില്‍ ഭൂരിപക്ഷവും ദിലീപിനു വേണ്ടി കൈ പൊക്കുമെന്ന കാര്യവും ഉറപ്പാണ്. ഇത് പ്രത്യക്ഷത്തില്‍ വനിതാ താരസംഘടനയെ സംബന്ധിച്ച് വലിയ തിരിച്ചടിയുമാകും.

Top