നിര്‍മാണ തൊഴിലാളികള്‍ക്ക് 2000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ജോലി ഇല്ലാതായ നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. രജിസ്റ്റര്‍ ചെയ്തിടുള്ള എല്ലാ തൊഴിലാളികള്‍ക്കും 2000 രൂപ വച്ച് നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. 12 ലക്ഷത്തിലധികം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഈ ധനസഹായം നേരിട്ട് എത്തിക്കുക.

നിലവിലെ സാഹചര്യം കണക്കിലെടുത്ത്, സംസ്ഥാനത്തെ കെട്ടിട, മറ്റ് നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിര്‍മാണ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് 2,000 രൂപ വീതം നിക്ഷേപിക്കുമെന്ന് തൊഴില്‍ മന്ത്രി ദിലീപ് വാള്‍സെ പാട്ടീല്‍ പറഞ്ഞു.

രജിസ്റ്റര്‍ ചെയ്തിട്ടുള്ള 12 ലക്ഷത്തിലധികം തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം നാട്ടിലേക്ക് പോകണമെന്നാവശ്യവുമായി നൂറു കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ബാന്ദ്ര റെയില്‍വേ സ്റ്റേഷന് പുറത്ത് തടിച്ചുകൂടി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനസഹായവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

Top