കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തിറങ്ങി രണ്ടാം വിവാഹത്തിലൂടെ നഷ്ടപ്പെട്ട ഇമേജ് തിരിച്ച് പിടിക്കാന്‍ ദിലീപ്. അച്ഛന്റെ സ്മരണ മുന്‍ നിര്‍ത്തി ദിലീപ് ആരംഭിച്ച കൃഷണമണി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇതിന്റെ ഭാഗമാണെന്നാണ് അറിയുന്നത്.
ഓരോ വര്‍ഷവും നൂറ് പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതാണ് പദ്ധതി. ദിലീപിന്റെ കൂടി ഉടമസ്ഥതയിലുള്ള ഐവിഷന്‍ കണ്ണാശുപത്രിയില്‍ ആരംഭിച്ച കോര്‍ണിയ ട്രാന്‍സ്പ്ലാന്റ് സെന്ററിന്റെ ഉല്‍ഘാടനവും കഴിഞ്ഞ ദിവസം ദിലീപ് ചാലക്കുടിയില്‍ നിര്‍വ്വഹിച്ചിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി പൊതു സമൂഹത്തിന്റെ പിന്‍തുണ തേടിയില്ലങ്കില്‍ അത് ദിലീപിന്റെ താരപദവിക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകരും ചൂണ്ടി കാട്ടുന്നത്.
ജനപ്രിയ നടനായ ദിലീപിന്റെ എക്കാലത്തേയും കരുത്ത് കുടുംബ പ്രേക്ഷകരാണ്. മഞ്ജു വാര്യരുമായുള്ള വിവാഹ മോചനം നടന്നപ്പോള്‍ പോലും പ്രേക്ഷകര്‍ ദിലീപിനെ കൈവിട്ടിരുന്നില്ല. അതിന് പ്രധാന കാരണം മകള്‍ മീനാക്ഷി ദിലീപിനൊപ്പം ഉണ്ട് എന്നതായിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ല. മകള്‍ കൂടെയുണ്ടെങ്കിലും കാവ്യാ മാധവനുമായുള്ള ദിലീപിന്റെ അപ്രതീക്ഷിത വിവാഹം പ്രേക്ഷകര്‍ക്ക് ദഹിച്ചിട്ടില്ല. വലിയ ഒരു വിഭാഗം നല്ല കലിപ്പിലുമാണ്. ഇപ്പോള്‍ പുറത്തിറങ്ങാനിരിക്കുന്ന ദിലീപ് സിനിമകളെ ഇത് ബാധിക്കുമോ എന്ന കാര്യത്തില്‍ നിര്‍മ്മാതാക്കള്‍ക്കിടയിലും ആശങ്കയുണ്ട്.
ഈ സാഹചര്യത്തിലാണ് ദിലീപിന്റെ പുതിയ രംഗപ്രവേശം. മഞ്ജു വാര്യരുമായി ബന്ധപ്പെട്ട് പിരിയാനുണ്ടായ ‘യഥാര്‍ത്ഥ’ കാരണം വെളിപ്പെടുത്തിയാല്‍ ജനങ്ങള്‍ക്കിടയിലെ സംശയങ്ങള്‍ തീരുമെന്നാണ് ദിലീപിന്റെ സുഹൃത്തുക്കള്‍ ആവശ്യപ്പെടുന്നതെങ്കിലും ദിലീപ് ഇതുവരെ ആ നിര്‍ദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ഒരിക്കല്‍ ഒരുമിച്ച് ജീവിച്ചവര്‍ പിരിയുമ്പോള്‍ എതിരായ നിലപാട് സ്വീകരികുന്നത് ശരിയല്ലന്ന നിലപാടാണത്രെ ദിലീപിന്. ജനങ്ങള്‍ക്കിടയിലെ തെറ്റ്ധാരണ അധികം താമസിയാതെ തന്നെ മാറുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
അതേസമയം മഞ്ജുവാര്യരാകട്ടെ സിനിമാരംഗത്ത് കൂടുതല്‍ ശക്തമായി നില്‍ക്കുന്നതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനവും ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്.
മുന്‍പ് അപൂര്‍വ്വ രോഗത്തിനടിമയായ അമ്പിളിഫാത്തിമ എന്ന വിദ്യാര്‍ത്ഥിനിക്ക് അഞ്ച് ലക്ഷം രൂപ സഹായധനമായി മഞ്ജു നല്‍കിയിരുന്നു. വിധിയുടെ വിളയാട്ടത്തിന് മുന്നില്‍ അമ്പിളി കീഴടങ്ങിയെങ്കിലും മഞ്ജുവിനൊപ്പം ചിലവഴിച്ച നിമിഷങ്ങളാണ് തങ്ങളുടെ മകളുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
തമിഴില്‍ നയന്‍താര എന്നപോലെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഏക നടിയും മഞ്ജുവാര്യരാണ്. പരസ്യ രംഗത്തും ഏറ്റവും വില കൂടിയ മലയാള നടിയും ഇവര്‍ തന്നെയാണ്.
ഒരേ സമയം ബി.ജെ.പി വേദിയിലും സി.പി.എം വേദിയിലും പ്രത്യക്ഷപ്പെടുന്ന മഞ്ജൂ രാഷ്ട്രീയക്കാരെയും കടത്തിവെട്ടുന്ന തന്ത്രങ്ങളാണ് പയറ്റുന്നത്.
ദിലീപ്-കാവ്യ വിവാഹത്തോടെ കുടുംബ പ്രേക്ഷകരുടെ സഹതാപം ഇവര്‍ക്ക് ലഭിച്ചതായാണ് ഒരു വിഭാഗത്തിന്റെ അവകാശവാദം. കാര്യങ്ങളെന്തായാലും സിനിമാ പരസ്യ മേഖലകളില്‍ മാത്രമല്ല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇരുവരും തമ്മില്‍ നല്ല മത്സരമാണ് ഇപ്പോള്‍ അരങ്ങേറുന്നത്.