ഹൈദരാബാദിലും പ്രേമലു ഹൗസ്ഫുള്‍;തിയേറ്ററില്‍ ദിലീഷ് പോത്തന്റെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്

ഹൈദരാബാദ് പശ്ചാത്തലമാക്കി ഒരുക്കിയ ഗിരീഷ് എ ഡി ചിത്രം ‘പ്രേമലു’വിന് തെലുങ്കില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ രാജമൗലി ചിത്രത്തിലെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും വാനോളം പുകഴ്ത്തിയിരുന്നു. ഹൈദരാബാദ് തിയേറ്ററില്‍ നിന്നുള്ള ദിലീഷ് പോത്തന്റെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.ഹൗസ്ഫുളായ തിയേറ്ററില്‍ കാണികള്‍ക്കൊപ്പം നിലത്തിരുന്ന് ചിത്രം ആസ്വദിക്കുന്ന ദിലീഷ് പോത്തന്റെ വീഡിയോ ശ്യാം പുഷ്‌കറാണ് പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിനെയും, സംവിധായകന്‍ ഗിരീഷ് എ ഡിയെയും വീഡിയോയില്‍ ടാഗ് ചെയ്തിട്ടുണ്ട്.

പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തെലുങ്കില്‍ നിന്ന് ലഭിക്കുന്നത്. സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് അവകാശം പ്രശസ്ത സംവിധായകന്‍ എസ് എസ് രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയയാണ് സ്വന്തമാക്കിയത്.റിലീസ് ചെയ്ത് ഒരു മാസം കൊണ്ട് ചിത്രം ആഗോള തലത്തില്‍ 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മലയാളം സിനിമയാണ് പ്രേമലു. പുലിമുരുകന്‍, ലൂസിഫര്‍, 2018, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകളാണ് ഇതിന് മുന്നേ 100 കോടി ക്ലബില്‍ ഇടം നേടിയത്.

Top